mammootty-

മധുരരാജയുടെ പാക്ക്അപ് ദിനത്തിൽ സർപ്രൈസ് നൽകിയ സൂപ്പർതാരം മമ്മൂട്ടിയെക്കുറിച്ച് നടൻ പ്രശാന്തിന്റെ കുറിപ്പ്. പാക്ക് അപ്പ് ദിനത്തിൽ അവതാരകനായി എത്തി സംവിധായകൻ വൈശാഖിനെയും ഉദയ്കൃഷ്ണയെയും മമ്മൂട്ടി ഞെട്ടിച്ചതിനെക്കുറിച്ചാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. ചടങ്ങിൽ അവതാരകനായെത്തിയ മമ്മൂട്ടി സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് പ്രശംസിച്ചെന്നും പ്രശാന്ത് പറയുന്നു.

പ്രശാന്തിന്റെ കുറിപ്പ് വായിക്കാം

"മോനെ പ്രശാന്തേ.."ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു.. ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി..

നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ചും പായ്ക്ക്അപ് പാർട്ടിയും ആങ്കർ ചെയ്യാൻ ഉള്ള വിളി ആണ്.. പെട്ടൂ..

ഞങ്ങൾ മൂവരും പിന്നെ കാര്യത്തിലേയ്ക്ക് കടന്നു..."നീ അവിടെ ഇരിക്ക് , ഇന്ന് ഞാൻ അവതാരകനാകാം", ഘനഗാംഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി..എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി.. ക്ഷീണം വകവയ്ക്കാതെ, കാണികളുടെ ഊർജം ആവാഹിച്ച് അദ്ദേഹം തുടങ്ങി..

2 മണിക്കൂറോളം ഒറ്റനിൽപിൽ നിന്ന്, എല്ലാ അണിയറപ്രവർത്തകരെയും പേരെടുത്തു വിളിച്ചു. പിന്നീട് വിശേഷം പങ്കുവച്ച്, സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയമാക്കി..

സിനിമയിൽ ജോലി ചെയ്ത ഓരോരുത്തരുടെയും പേര് മമ്മൂക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അദ്ഭുതപ്പെട്ടു..മമ്മൂക്കാ.. അങ്ങ് അദ്ഭുതം ആണ്.. സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം...ദ് കിങ് ഈസ് ബാക്ക്...