ലക്നൗ: റോഡി പദ്ധതിയുടെ ശിലാഫലകത്തിൽ തന്റെ പേര് ഉൾപ്പെടാത്തതിന് ബി.ജെ.പിയുടെ എം.പിയും എം.എൽ.എയും തമ്മിൽ അടിപിടി. ശാന്ത് കബീർ നഗർ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് സംഭവം. ശാന്ത് കബീർ നഗറിലെ ബി.ജെ.പി എം.പിയായ ശരത് ത്രിപാഠി പാർട്ടിയുടെ തന്നെ എം.എൽ.എയായ രാകേഷ് സിംഗിനെ ഷൂകൊണ്ട് പലതവണ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് വാർത്താഏജൻസി പുറത്തുവിട്ടത്.
ബുധനാഴ്ച കലക്ട്രേറ്റിൽ നടന്ന പ്ലാനിംഗ് മീറ്റിങ്ങിലാണ് പരസ്പരം കൊമ്പുകോർത്തത്. റോഡ് വികസന പദ്ധതിയുടെ ശിലാഫലകത്തിൽ തന്റെ പേര് ഉൾപ്പെടുത്താത്തകാര്യം ചൂണ്ടിക്കാട്ടിയ എം.പി യോഗത്തിനിടെ എം.എൽ.എയോട് കയർത്തു.
തന്റെ തീരുമാന പ്രകാരമാണ് എം.പിയുടെ പേര് ഒഴിവാക്കിയതെന്ന് എം.എൽ.എ പറഞ്ഞതോടെ എം.പി ഷൂ ഊരി എം.എൽ.എയെ മർദ്ദിക്കാൻ തുടങ്ങി. ഇതോടെ എം.എൽ.എയും തിരിച്ചടിച്ചു.
പൊലീസ് ഇടപെട്ടാണ് ജനപ്രതിനിധികളെ പിന്തിരിപ്പിച്ചത്. ഇതോടെ ഇരുവരും യോഗവേദിയിൽ നിന്ന് മടങ്ങി. മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. തുടർന്ന് ശരത് ത്രിപാഠിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രാകേഷ് സിംഗും അനുയായികളും കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചുവെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ബിജെപി ഇരുനേതാക്കളോടും വിശദീകരണം തേടിയിട്ടുണ്ട്. പരസ്യമായി ഏറ്റുമുട്ടിയ ഇരുനേതാക്കൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.