rajnath-

ന്യൂഡൽഹി: ബലാകോട്ട് ആക്രമണം സംബന്ധിച്ച് സംശയം ഉന്നയിക്കുന്നവർക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. വ്യോമസേന തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ചത് ശ്രദ്ധേയമായ നടപടിയാണ്. ആക്രമണശേഷം മരിച്ചവരുടെ കണക്കെടുക്കൽ പൈലറ്റുമാരുടെ ജോലിയാണോയെന്ന് സംശയമുന്നയിക്കുന്നവർ മറുപടി പറയണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.

ബലാക്കോട്ട് ആക്രമണത്തിൽ 250ലേറെ ഭീകരർ കൊല്ലപ്പെട്ടുവെന്ന് അഹമ്മദാബാദിലെ ഒരു പരിപാടിയിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ പ്രസംഗിച്ചത് വിവാദമായിരുന്നു. ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് ആക്രമിച്ചതെന്നും പരിശീലകരും കമാൻഡർമാരുമുൾപ്പെടെ നിരവധി ഭീകരരെ ഇല്ലാതാക്കിയെന്നുമായിരുന്നു ഫെബ്രുവരി 26ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പ്രസ്താവനയിൽ പറഞ്ഞത്.

ബലാക്കോട്ട് ആക്രമണത്തിൽ 350 ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കേന്ദ്രസർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാതിരിക്കെയാണ് ബി.ജെ.പി അദ്ധ്യക്ഷൻ 250ലേറെ ഭീകരർ എന്ന് കണക്ക് പറഞ്ഞത്. ബലാക്കോട്ടിലെ ജയ്ഷെ ഭീകരക്യാമ്പ് തകർത്ത വ്യോമാക്രമണത്തിൽ വിദേശകാര്യസെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു .