തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനൽ നിർമ്മാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12.30ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വീഡിയോ കോൺഫറൻസ് മുഖാന്തരമാണിത് നിർവഹിക്കുക. ചടങ്ങുകൾ 11.45ന് നേമം റെയിൽവേ സ്റ്റേഷനിൽ തുടങ്ങും. മന്ത്രി ജി. സുധാകരനും ശശിതരൂർ എം.പി.യും ഒ. രാജഗോപാൽ എം.എൽ.എയും റെയിൽവേ ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഇന്ന് നിർമ്മാണം തുടങ്ങുന്ന ആദ്യഘട്ടം നവംബറിൽ പൂർത്തിയാകും. അഞ്ച് സ്റ്റേബ്ളിംഗ് ലൈനുകളും രണ്ട് പിറ്റ് ലൈനുകളും രണ്ട് സിക്ക് ലൈനുകളും ഉൾപ്പെടുന്നതാണ് ആദ്യഘട്ടം.
യാഥാർത്ഥ്യമാകുന്നത് 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ
നേമം കോച്ചിംഗ് ടെർമിനൽ നിർമ്മാണത്തിന് മുൻഗണന നൽകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ ഉറപ്പ് നൽകിയിരുന്നു. 2008ലാണ് കോച്ചിംഗ് ടെർമിനൽ നിർമ്മാണത്തിന് നിർദ്ദേശമുണ്ടായത്. ആ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്നീട് വന്ന ബഡ്ജറ്റുകളിലെല്ലാം പരാമർശമല്ലാതെ നടപടിയൊന്നുമുണ്ടായില്ല. 2017ലെ ബഡ്ജറ്റിലാണ് നേമം കോച്ചിംഗ് ടെർമിനലിനായി ആദ്യം 65 കോടി വകയിരുത്തിയത്. കഴിഞ്ഞ ബഡ്ജറ്റിലും 77.3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ 30 ഏക്കർ ഭൂമി ഇതിനായി കൈമാറി. ഇനിയും 74 ഏക്കർ ഭൂമി കൂടി കൈമാറാനുണ്ട്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നത് അസാദ്ധ്യമെന്ന് കണ്ടതോടെയാണ് നേമത്ത് കോച്ചിംഗ് ടെർമിനലെന്ന ആശയം ഉണ്ടായത്. നാല് ട്രാക്കുകളുള്ള കോച്ചിംഗ് ടെർമിനലായി വികസിപ്പിക്കാനാണ് പദ്ധതി. 250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് കോച്ചിംഗ് ഡിപ്പോയുടെ മാതൃകയിൽ വിപുലമായ സൗകര്യങ്ങളുള്ള കോച്ചിംഗ് ടെർമിനലാണ് നേമത്ത് ഒരുങ്ങുന്നത്. വിഴിഞ്ഞം തുറമുഖവും ഭാവിയിൽ തിരുവനന്തപുരം സോണും രൂപീകരിക്കുന്ന സാഹചര്യത്തിൽ ഗുണപ്രദമാകുന്ന രീതിയിലാണ് രൂപകല്പന. 30 ട്രെയിനുകൾ ഒരേസമയം നന്നാക്കാനുള്ള വിപുലമായ സൗകര്യമുണ്ടാകും. ഇതിനായി 10 പിറ്റ് ലൈനുകൾ, 12 സ്റ്റേബ്ളിംഗ് ലൈനുകൾ, സിക്ക് ലൈനുകൾ തുടങ്ങിയവയും ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും ടെക്നിക്കൽ വർക്ക്ഷോപ്പും ഉൾപ്പെടുന്നതാണ് കോച്ചിംഗ് ടെർമിനൽ.
നേമം വന്നാൽ തിരുവനന്തപുരത്തിന് വൻ വികസനം