തിരുവനന്തപുരം: ദീപയ്ക്ക് പ്രായം 28. ഇപ്പോഴും മുട്ടുകാലിൽ നടക്കാനെ കഴിയൂ. കിടക്കുമ്പോൾ കാലു നിവർത്തി കിടക്കാനാണ് അവൾക്കാഗ്രഹം. പക്ഷേ, അതിനുള്ള നീളം കുന്നുകുഴി ബാട്ടൺഹില്ലിലെ ആ ചെളിപൂശി ഒരുക്കിയ ചോർന്നൊലിക്കുന്ന കുഞ്ഞുവീടിന്റെ കുടുസുമുറിക്ക് ഇല്ല. അമ്മ ജയയിൽ ഭീതി നിറച്ച് വളരുന്ന വേദനകൂടിയാണ് ദീപ. മറ്ര് പെൺകുട്ടികളെ പോലെയല്ല ഓട്ടിസം ബാധിച്ച ഈ കുട്ടി. സംസാരിക്കില്ല. കേൾവി ശേഷിയും ദൈവം ഇവൾക്ക് നിഷേധിച്ചിരിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വേറെയും. ദിവസവും വേണം മരുന്ന്. അതിനു പണച്ചെലവും ഉണ്ട്. ഭർത്താവ് സ്റ്റീഫൻ എട്ടു വർഷം മുമ്പ് മരിച്ചു. ദീപയ്ക്കു താഴെ രണ്ടു പെൺമക്കൾ കൂടിയുണ്ട്. രണ്ടു പേരെയും വിവാഹം കഴിപ്പിച്ചു. അതിന്റെ വകയിൽ ചുമക്കാൻ കടബാദ്ധ്യത വേറെ.
ദീപയെ പകൽ പോളിയോ ഹോമിലാക്കിയിട്ടാണ് അമ്മ ജയ തട്ട്കടയിൽ ജോലിക്കു പോകുന്നത്. ''ഭർത്താവ് ഉണ്ടായിരുന്നപ്പോൾ ഇവളെ എടുത്തുകൊണ്ടു പോകുമായിരുന്നു. ഇപ്പോൾ എനിക്കിവളെ എടുത്തുകൊണ്ടു പോകാൻ കഴിയില്ല. എന്നെക്കാൾ വളർന്നില്ലേ""- അപ്പോഴും അമ്മ പറയുന്നത് എന്തെന്ന് മനസിലാകാതെ ചിരിച്ചു നിൽക്കുകയാണ് ദീപ. ഈ അമ്മയും മകളും ഒരു സർക്കാർ ആനൂകൂല്യത്തിന് അപേക്ഷിച്ചാൽ എന്താണ് സംഭവിക്കുക എന്നു കൂടി അറിയുക. കയറിക്കിടക്കാൻ ഒരു വീടിനു വേണ്ടി നഗരസഭയ്ക്കു അപേക്ഷ നൽകി. കല്ലടിമുഖത്ത് നിർമ്മിച്ച ഫ്ലാറ്റ് നൽകാൻ തീരുമാനവും ഉണ്ടായി. എന്നാൽ ഇപ്പോൾ വീടിനു വേണ്ടി നഗരസഭയെ സമീപിച്ചാൽ ഉദ്യോഗസ്ഥർ കൈമലർത്തി കാണിക്കും.
നഗരസഭയുടെ ലൈസൻസോടു കൂടിയ ഒരു ചെറിയ തട്ടുകട മ്യൂസിയം കവാടത്തിനടുത്ത് നടത്തിയാണ് കുടുംബം പോറ്റാനുള്ള വക ജയ കണ്ടെത്തുന്നത്. അവിടെയും ചിലർ ദ്റോഹിക്കാനെത്തി. കടനടത്തിപ്പിന് തടസവാദങ്ങളുണ്ടായി. ദേശീയ പട്ടിക ജാതി കമ്മിഷന് പരാതി നൽകിയപ്പോൾ അന്വേഷണം നടന്നു. ജയക്കും ദീപയ്ക്കും സംരക്ഷണം നൽകാൻ സമൂഹ്യനീതി ഡയറക്ടർ ഉത്തരവിടുകയും ചെയ്തു. സംരക്ഷണം നൽകാൻ ഡയറക്ടർ ആവശ്യപ്പെട്ടത് മ്യൂസിയം സബ് ഇൻസ്പക്ടറോട്. എന്നാൽ ഒന്നും സംഭവിച്ചില്ല. ജയയുടെ കടയിൽ കച്ചവടം കിട്ടുന്നതിന് തടസമായി ചിലർ കച്ചവടം നടത്തുകയാണിപ്പോൾ അവരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് ജയയുടെ പരാതി.
കനിവുള്ളവരുണ്ടിവിടെ
കുറച്ചു നാൾ മുമ്പു വരെ ദീപയെ വീടിനുള്ളിലാക്കി പൂട്ടിയിട്ടാണ് ജയ കടയിൽ പോയിരുന്നത്. ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് ആട്ടോ പിടിച്ചു വരും. പ്രയപൂർത്തിയായ മകളല്ലേ. കാലം നല്ലതല്ലല്ലോ. ഇക്കാര്യം അറിയാനിടയായ നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ മുൻകൈ എടുത്താണ് വെള്ളയമ്പലം പോളിയോഹോമിൽ പകൽ ദീപയ്ക്കു കഴിയാൻ അവസരം ഒരുക്കിയത്. അതിനുള്ള ചെലവും അദ്ദേഹം വഹിക്കുന്നു.