അക്ഷരശ്രീ: പഠനകേന്ദ്രങ്ങൾ 500, ക്ലാസുകൾ 15ന്തിരുവനന്തപുരം: സമ്പൂർണ സാക്ഷരതായജ്ഞത്തിന് ശേഷം നഗരം മറ്റൊരു അക്ഷരവിപ്ലവത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു . അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടർവിദ്യാഭ്യാസം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷൻ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'അക്ഷരശ്രീ' പദ്ധതിയിൽ ക്ലാസുകൾ 15ന് തുടങ്ങും. പദ്ധതി നടത്തിപ്പിനായി നഗരസഭയിൽ അക്ഷരശ്രീ ഓഫീസ് തുറന്നു. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സാക്ഷരത മുതൽ ഹയർസെക്കൻഡറി തുല്യതവരെയുള്ള വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 8500 പഠിതാക്കൾ നഗരത്തിലെ 100 വാർഡുകളിലായി ക്രമീകരിച്ചിരിക്കുന്ന 500 പഠനകേന്ദ്രങ്ങളിൽ 15ന് പഠനം ആരംഭിക്കും.
സാക്ഷരത, നാല്, ഏഴ്, പത്ത് തുല്യതാ ക്ലാസുകളിൽ പൂർണമായും സ്ത്രീ പഠിതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹയർസെക്കൻഡറി തുല്യതയിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ക്ലാസ് സംഘടിപ്പിക്കും. സാക്ഷരതയിൽ ഒരു വാർഡിൽ 25 പേരെ ഉൾക്കൊള്ളിച്ചാണ് ക്ലാസ്. നാലിന് ഒരു വാർഡിൽ 20 പഠിതാക്കൾ, ഏഴാംതരത്തിന് 15 പഠിതാക്കൾ എന്നിങ്ങനെയാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്. പത്താംതരത്തിൽ 15, ഹയർസെക്കൻഡറിക്ക് 10 എന്നിങ്ങനെ പഠിതാക്കളെ ഉൾക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ഓരോ വാർഡിലും സംഘടിപ്പിക്കുക. ഇത്തരത്തിൽ നഗരസഭയുടെ മൊത്തം 100 വാർഡുകളിലുമായി വിവിധ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കളുടെ എണ്ണം ഇപ്രകാരമാണ്: സാക്ഷരത- 2500, നാലാംതരം- 2000, ഏഴാംതരം- 1500, പത്താംതരം- 1500, ഹയർസെക്കൻഡറി തുല്യത- 1000.
ഓരോ കോഴ്സുകളുടെയും കാലയളവ് ഇങ്ങനെ: സാക്ഷരത- മൂന്ന് മാസം, നാലാംതരം തുല്യത - ആറ് മാസം, ഏഴാംതരം തുല്യത- എട്ട് മാസം. പത്താംതരം തുല്യത- 10 മാസം. ഹയർസെക്കൻഡറി തുല്യത- രണ്ട് അദ്ധ്യയന വർഷം.
ഓരോ വാർഡിലും പ്രത്യേകമായി സജ്ജീകരിച്ച അക്ഷരശ്രീ പഠനകേന്ദ്രങ്ങളിലാണ് സാക്ഷരത, നാല്, ഏഴ് തുല്യതാ ക്ലാസുകൾ നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, നഗരസഭ സ്ഥാപനങ്ങൾ, മറ്റു പൊതുസ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകൾ പൊതു വിദ്യാലയങ്ങളിൽ നടത്തും. 2019 ജൂൺ 23ന് മികവുത്സവം എന്ന പേരിൽ സാക്ഷരതാ പരീക്ഷ നടത്തും. നാലാംതരം തുല്യതാ പരീക്ഷ സെപ്തംബർ 29നും ഏഴാംതരം തുല്യതാ പരീക്ഷ നവംബർ 24 നും നടത്തും.
ഡിസംബർ 10ന് സാക്ഷരത മുതൽ ഏഴാംതരം വരെയുള്ള കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണവും പഠിതാക്കളുടെ സംഗമവും നടക്കും. പത്താംതരം, ഹയർസെക്കൻഡറി തുല്യതാ പരീക്ഷകൾ നിലവിൽ നടന്നുവരുന്ന കോഴ്സുകളുടെ ഭാഗമായി നടക്കും.