തിരുവനന്തപുരം: നടുറോഡിലെ ഗതാഗത നിയന്ത്രണത്തിനിടെ ബോണസായി കേൾക്കുന്ന വാഹനങ്ങളുടെ ഹോണടക്കമുള്ള അമിതശബ്ദങ്ങൾ ട്രാഫിക് പൊലീസുകാരെ ബധിരന്മാരാക്കുന്നുവെന്ന പഠന റിപ്പോർട്ടുമായി അനന്തപുരി ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം. ജോലിയുമായി ബന്ധപ്പെട്ട് കേൾവിക്കുണ്ടാകുന്ന തകരാറുകളെക്കുറിച്ച് ആശുപത്രിയിലെ രണ്ട് ഓഡിയോളജിസ്റ്റുകൾ ചേർന്ന് നടത്തിയ പഠനത്തിലാണ് പഠനവിധേയമാക്കിയതിൽ 87 ശതമാനം ട്രാഫിക് പൊലീസുകാർക്കും നിരന്തരമായി കേൾക്കുന്ന അമിതശബ്ദത്താൽ കേൾവിക്കുറവുണ്ടെന്ന് കണ്ടെത്തിയത്. ട്രാഫിക് പൊലീസുകാർക്ക് പുറമേ എയർപോർട്ട് ജീവനക്കാരിലും 84 ശതമാനം പേർ ജോലിയുടെ ഭാഗമായി കേൾക്കേണ്ടി വരുന്ന അമിതശബ്ദത്തെത്തുടർന്ന് കേൾവിക്കുറവുള്ളവരാണെന്ന് കണ്ടെത്തി.
ആറ് മാസം കൊണ്ടാണ് ആശുപത്രിയിലെ സീനിയർ ഓഡിയോളജിസ്റ്റ് സലീംഷാ നസീർ, ആശിക മിനു എന്നിവർ പഠനം പൂർത്തിയാക്കിയത്. നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ തിരക്കുള്ള സമയങ്ങളിലെ ശബ്ദത്തിന്റെ തോത് അടയാളപ്പെടുത്തിയശേഷം പ്രസ്തുത സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുള്ള 130 ട്രാഫിക് പൊലീസുകാരെ കേൾവി പരിശോധനയ്ക്ക് വിധേയമാക്കി. ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തിയുള്ള സർവേയും നടത്തി. പഠനത്തിൽ 87 ശതമാനം പേർക്ക് അമിതശബ്ദമലിനീകരണം കേൾവിശക്തിക്ക് തകരാറുണ്ടാക്കിയെന്ന് കണ്ടെത്തി. ഇത് തിരിച്ചറിഞ്ഞ് പഠനത്തിന് വിധേയരായ 90 പൊലീസുകാരും അമിതശബ്ദത്തെ ചെറുക്കാനുള്ള ഉപകരണങ്ങൾ ധരിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. അമിതശബ്ദത്തിൽ ജോലി ചെയ്യുന്ന 37 ശതമാനം പേർക്ക് അധിക രക്തസമ്മർദ്ദം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരാണെന്നും പഠനത്തിൽ പറയുന്നു.
എയർപോർട്ട് ജീവനക്കാരുടെ കാര്യവും മറിച്ചല്ല. 150 ജീവനക്കാരെയാണ് പഠനവിധേയമാക്കിയത്. നിരന്തരമായി കേൾക്കുന്ന വിമാനത്തിന്റെ ശബ്ദത്താൽ 84 ശതമാനം ജീവനക്കാർക്കും കേൾവിക്ക് തകരാറുള്ളവരാണ്. ഒപ്പം 64 ശതമാനത്തോളം പേരെ ഹൈപ്പർ ടെൻഷൻ, ഹൈപ്പോ ടെൻഷൻ, ഇ.സി.ജിയിലെ വ്യതിയാനങ്ങൾ തുടങ്ങി വിവിധ തരം ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ട്.
ബധിരവിലാപങ്ങൾ
ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേൾവിക്കുറവ് ഇടം നേടിയിരിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. 16 ശതമാനം മുതിർന്നവരിലും കേൾവിക്കുറവുണ്ടാകാനുള്ള പ്രധാന കാരണം ജോലി സ്ഥലത്തെ അമിത ശബ്ദമലിനീകരണമാണ്. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം ലോകത്ത് 466 മില്യൺ ആളുകൾക്ക് കേൾവിക്ക് തകരാറുണ്ട്. 2030ൽ ഇത് 630 മില്യണിലെത്തും. 2035ൽ ലോകത്തിൽ അഞ്ച് പേരിൽ ഒരാൾ ബധിരനായിരിക്കുമെന്ന് പഠനം പറയുന്നു. നിങ്ങളുടെ കേൾവി പരിശോധിക്കൂ എന്ന സന്ദേശമാണ് ഈ വർഷത്തെ കേൾവിദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ശ്രദ്ധിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന കേൾവിക്കുറവ് വിപത്ത് വിളിച്ചുവരുത്തും.
പ്രതിവിധികൾ
അമിതശബ്ദം ചെവിക്കുള്ളിൽ എത്താത്ത തരത്തിൽ ചെവിമൂടുന്ന ഇയർ പ്ലഗ് അടക്കമുള്ള ഉപകരണങ്ങൾ, ജനങ്ങൾക്കും ജീവനക്കാർക്കും വ്യക്തമായ ബോധവത്കരണങ്ങൾ, ഡ്യൂട്ടി റൊട്ടേഷൻ തുടങ്ങിയവയാണ് കേൾവി തകരാറ് പരിഹരിക്കുന്നതിനുള്ള മാർഗങ്ങളായി ഓഡിയോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നത്. അമിതശബ്ദമാണ് വില്ലൻ. അതൊഴിവാക്കാതെ കേൾവിക്കുറവിൽ നിന്ന് രക്ഷനേടാനാകില്ല.