തിരുവനന്തപുരം : താളം തെറ്റിയ ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യ ചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനം തിരിച്ച് പിടിക്കാൻ സഹായവുമായി മനുഷ്യാവകാശ കമ്മിഷൻ. അറ്റകുറ്റപ്പണികൾക്കായി മൂന്നുവർഷം മുമ്പ് പൊതുമരാമത്തിന് കൈമാറിയ ജനറൽ ആശുപത്രിയിലെ ഏഴാം വാർഡ് പണി പൂർത്തിയാക്കി തിരികെ നൽകാത്തതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിലാണ് ഉത്തരവ്.
ജനറൽ ആശുപത്രിയിലെ ഏഴാം വാർഡാണ് മാനസിക രോഗികളുടെ കിടത്തി ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നത്. 2015ൽ മേൽക്കൂരയുടെ ഓട് പൊട്ടിയുണ്ടായ ചോർച്ച പരിഹരിക്കാനായി വാർഡ് അടച്ചു. കാലപ്പഴക്കമേറെയുള്ള കെട്ടിടം മൊത്തത്തിൽ നവീകരിച്ചതോടെ പുരുഷൻമാരെ മെഡിക്കൽ വാർഡിലും സ്ത്രീകളെ പതിനൊന്നാം വാർഡിന്റെ മുകളിലും താഴെയുമായി പ്രവേശിപ്പിച്ചു. ഇതിനിടെയാണ് ആശുപത്രിയിലെ ശിശുരോഗ തീവ്രപരിചരണ വിഭാഗവും നവജാതശിശു പരിചരണ വിഭാഗവും ചോർന്നൊലിക്കാൻ തുടങ്ങിയത്. അങ്ങനെ കുട്ടികളുടെ വാർഡ് ഇവിടേക്ക് മാറ്റേണ്ടിവന്നു. അറ്റകുറ്റപ്പണിയൊട്ട് തീർന്നതുമില്ല മാനസികാരോഗ്യ വാർഡ് ഇല്ലാതാവുകയും ചെയ്ത അവസ്ഥ സംജാതമായി. ഏഴാം വാർഡിലെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കി കെട്ടിടം ആശുപത്രി സൂപ്രണ്ടിന് കൈമാറണമെന്നും കമ്മിഷൻ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പ് കമ്മിഷനിൽ സമർപ്പിക്കണം.
വാർഡില്ലാതെയായി മാനസികരോഗികൾ
മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടുന്ന രോഗികളിൽ പലരും പലപ്പോഴും അക്രമവാസന കാട്ടുകയും ബഹളം കൂട്ടുകയും ചികിത്സ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രകൃതക്കാരാണ്. മറ്റ് രോഗികളെ കിടത്തുന്ന വാർഡുകളിൽ ഇവരെ പ്രവേശിപ്പിക്കുന്നത് സുരക്ഷാപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
മതിൽകെട്ടും ഗേറ്റും ബന്തവസുമുണ്ടായിരുന്ന ഏഴാം വാർഡ് മനോരോഗ ചികിത്സയ്ക്ക് തികച്ചും സുരക്ഷിതമായിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെയൊരു വിഭാഗം ഇവിടെ വേണോ എന്ന രീതിയിലായി അധികൃതരുടെ പോക്ക്. മാനസികരോഗം ബാധിച്ചവരെ കിടത്താൻ വാർഡില്ലാതായി. ഇവരെ വിവിധ വാർഡുകളിലാക്കിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ചികിത്സയ്ക്കായി എത്തുന്ന രോഗികളെ ഒരു കൺസൾട്ടന്റ് പരിശോധിച്ച് വിദഗ്ദ്ധ ചികിത്സ നൽകി വരുന്നുന്നെ് ആരോഗ്യവകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം നാലര കിലോമീറ്റൽ ചുറ്റളവിൽ ഉള്ളതുകൊണ്ട് ഗുരുതര രോഗികൾ ജനറൽ ആശുപത്രിയിൽ എത്താറില്ലെന്നും ഡയറക്ടറുടെ റിപ്പോർട്ടിലുണ്ട്.
സ്വകാര്യ ആശുപത്രികളിൽ വൻതുകയാണ് മനോരോഗ ചികിത്സയ്ക്ക് വേണ്ടിവരുന്നത്. ജനറൽ ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാണെങ്കിലും കിടത്തിചികിത്സയ്ക്ക് നേരിടുന്ന ബുദ്ധിമുട്ട് ചികിത്സയുടെ താളം തെറ്റാൻ ഇടയാക്കി. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കിടത്തി ചികിത്സ നിഷേധിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കിടക്കകൾ ഒഴിവുള്ള മറ്റ് വാർഡുകളിൽ പ്രവേശിപ്പിച്ച് അവർക്ക് ചികിത്സ നൽകി വരുന്നതായും അധികൃതർ പറഞ്ഞു.