തിരുവനന്തപുരം : കേരള പൊലീസിന്റെ ട്രാഫിക് ഗുരു എന്ന മൊബൈൽ ആപ്ലിക്കേഷൻ രൂപകല്പന ചെയ്ത ടെക്നോപാർക്കിലെ സ്ഥാപനത്തിലെ വിദഗ്ദ്ധരെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആദരിച്ചു.
ടെക്നോപാർക്കിലെ റെയിൻ കൺസർട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. കുട്ടികളെയും യുവാക്കളെയും ട്രാഫിക് നിയമങ്ങൾ ലളിതമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടാണ് കേരള പൊലീസ് ഇത്തരമൊരു ആപ്പ് വികസിപ്പിച്ചത്.
മട്ടിലും ഭാവത്തിലും ഗുരുവിനൊരു കാർ റേസിംഗ് ഗെയിമിന്റെ സാമ്യമുണ്ട്, കേരളത്തിലെ റോഡുകളിലൂടെ ഇങ്ങനെ കാറോടിച്ച് പഠിക്കാം. നിയമങ്ങൾ പാലിച്ച് ഒാടിച്ചാൽ പോയിന്റും പുതിയ സ്റ്റേജുകളും കടന്ന് ഗെയിമിൽ മുന്നേറാം. നിയമങ്ങളെല്ലാം മറന്ന് വാഹനമോടിക്കുന്നവരെ ട്രാഫിക് നിയമങ്ങൾ ഒാർമപ്പെടുത്തുന്ന ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. അടുത്തിടെ ദുബായിൽ നടന്ന വേൾഡ് ഗവേണൻസ് സമ്മിറ്റിൽ ഈ ആപ്പിന് ഗെയിമിഫിക്കേഷൻ കാറ്റഗറിയിൽ മികച്ച മൊബൈൽ ആപ്ലിക്കേഷനുള്ള എം ഗവേണൻസ് അവാർഡ് ലഭിച്ചിരുന്നു.
കമ്പനിയുടെ ഡയറക്ടർ കെ.വി. സജിത്ത് കുമാർ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ പ്രിയ ജി. നായർ, സീനിയർ പ്രോജക്ട് മാനേജർ സജിത്കുമാർ, പ്രോജക്ട് മാനേജർ നിഖിൽ ചന്ദ്രൻ, സോഫ്റ്റ്വെയർ ഡെവലപ്പർമാരായ വരുൺ, രെതിൻ എന്നിവരെയാണ് ആദരിച്ചത്. എ.ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണൻ, മനോജ് എബ്രഹാം, ഐ.ജിമാരായ പി. വിജയൻ, ദിനേന്ദ്ര കശ്യപ്, ഡി.ഐ.ജിമാരായ കെ. സേതുരാമൻ, പി. പ്രകാശ് എന്നിവർ പങ്കെടുത്തു.