സൂപ്പർ മെഗാതാരം മോഹൻലാൽ നായകനാകുന്ന ഇട്ടിമാണി മെയ്ഡ്ഇൻ ചൈനയുടെ ചിത്രീകരണം മാർച്ച് ഒടുവിൽ സിംഗപ്പൂരിൽ തുടങ്ങും. അഞ്ച് ദിവസത്തെ ചിത്രീകരണമാണ് സിംഗപ്പൂരിൽ പ്ളാൻ ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ബാല്യകാലമാണ് സിംഗപ്പൂരിൽ ചിത്രീകരിക്കുന്നത്.
സിംഗപ്പൂർ ഷെഡ്യൂളിന് ശേഷം ഏപ്രിൽ അവസാനം തൃശൂരിലും എറണാകുളത്തുമായാണ്ഇട്ടിമാണിയുടെ അടുത്ത ഘട്ടം ചിത്രീകരണം നടക്കുക.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബിയും ജോജുവും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ഹണിറോസാണ് മോഹൻലാലിന്റെ നായികയാകുന്നത്. എം. പത്മകുമാർ സംവിധാനം ചെയ്ത കനലിന് ശേഷം ഹണിറോസ് വീണ്ടും മോഹൻലാലിന്റെ നായികയാകുന്ന ചിത്രമാണിത്. രാധികാ ശരത്കുമാറാണ് മറ്റൊരു പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയ ഒരു വൻതാരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധാനം - സാബുറാം.