mavoist

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ മാവോയിസ്‌റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി സൂചന. ബുധനാഴ്‌ച രാത്രി എട്ടരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വൈത്തിരിയിലെ റിസോർട്ടിൽ ഇരച്ചുകയറിയ മാവോയിസ്റ്റുകൾ താമസക്കാരെ ബന്ദികളാക്കി പണവും ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാകാത്ത റിസോർട്ട് നടത്തിപ്പുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തിയാണ് മാവോയിസ്റ്റുകളെ നേരിട്ടത്.

രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയിൽ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മാവോവാദി നേതാവ് സി.പി ജലീലാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കു പരിക്കേറ്റതായും വിവരമുണ്ട്. ചിതറിയോടിയ മാവോയിസ്റ്റ് സംഘത്തിനായി കാട്ടിനുള്ളിൽ തിരച്ചിൽ തുടരുകയാണെന്നാണു വിവരം.

ലക്കിടിക്കു സമീപം ദേശീയപാതയിൽ ഉപവൻ റിസോർട്ടിലാണ് മാവോയിസ്‌റ്റ് സംഘം എത്തിയത്. തുടർന്ന് ഇവർ ഫ്രണ്ട് ഓഫീസ് ജീവനക്കാരോട് പണം ആവശ്യപ്പെട്ടു. ജീവനക്കാർ ഇത് നിഷേധിച്ചതോടെ തോക്കു ചൂണ്ടി ബന്ദികളാക്കുകയായിരുന്നു. തുടർന്ന് തണ്ടർബോൾട്ടും കൽപറ്റ ഡി.വൈ.എസ്‌.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പൊലീസും വളഞ്ഞപ്പോഴാണു വെടിയുതിർത്തത്. ഇതോടെ പൊലീസ് തിരിച്ചു വെടിവച്ചു.

വൈത്തിരി അംബ സുഗന്ധഗിരി മേഖലയിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോർട്ട് ആക്രമണമെന്നും പൊലീസ് അധികൃതർ പറഞ്ഞു. സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് വിലയിരുത്തൽ.