pm-modi

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനി ദസാൾട്ടിന് നേട്ടമുണ്ടാകാൻ പ്രധാനമന്ത്രി തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്തെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. 126 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള യു.പി.എ കരാറിനേക്കാൾ ചെലവേറിയതാണ് മോദിയുടെ കരാർ. 59,175 കോടി രൂപയ്ക്കാണ് 36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം 63,450 കോടി കോടി രൂപയാണ് തുകയെന്നും സുർജേവാല വ്യക്തമാക്കി .

വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ (ഐ.എൻ.ടി.) റിപ്പോർട്ട് 'ദ ഹിന്ദു' ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. എൻ.ഡി.എ. സർക്കാരിന്റെകാലത്ത് വിമാനങ്ങളുടെ വിലയിൽ വൻവർദ്ധന വന്നതായി വിലപേശൽ സംഘത്തിന്റെ അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി സുർജേവാല പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം, ബാങ്ക് ഗാരന്റി, മൂല്യവർധന, സാങ്കേതികസഹായ കൈമാറ്റം എന്നീ കാര്യങ്ങളിൽ സ്വീകരിച്ച നിലപാടാണിതിന് കാരണം.

ഐ.എൻ.ടി. റിപ്പോർട്ടുപ്രകാരം 36 വിമാനങ്ങൾക്ക് 8460 മില്യൺ യൂറോ (63,450 കോടി) ആണ് വില. എന്നാൽ, മോദി പറഞ്ഞത് 7890 മില്യൺ യൂറോ (59,175 കോടി) എന്നാണ്. മാത്രമല്ല 63,450 കോടി 36 വിമാനങ്ങളുടെ യഥാർത്ഥ വിലയല്ല. വില നിശ്ചയിക്കുന്നത് ഫ്രാൻസിലെ പണപ്പെരുപ്പനിരക്കിന്റെ അടിസ്ഥാനത്തിലാണ്. 5.75 വർഷത്തേക്ക് വർഷം 1.22 ശതമാനം നിരക്കിൽ അടിസ്ഥാനതുകയിൽ വർദ്ധന വരുത്തണം.


അതേസമയം, പണപ്പെരുപ്പം 3.5 ശതമാനത്തിൽ കൂടുകയാണെങ്കിൽ ആ നിരക്കിൽ നൽകണം. മുഴുവൻ വിമാനങ്ങളും കിട്ടാൻ 10 വർഷമെടുക്കും. അപ്പോൾ പണപ്പെരുപ്പവും ചേർത്ത് 36 വിമാനങ്ങൾക്കുള്ള തുക ഏകദേശം 9000 മില്യൺ യൂറോ (67,500 കോടി) ആകും. ഈ വില യു.പി.എ. കാലത്തെ 126 റഫാൽ വിമാനങ്ങളുടെ വിലയായ 574 മില്യൺ യൂറോ(4305 കോടി)യെക്കാൾ കൂടുതലാണ് സുർജേവാല പറഞ്ഞു.