മകൾക്ക് വരനെ തേടി പിതാവിന്റെ പരസ്യം വൈറലാകുന്നു. തായ്‌ലന്റുകാരനായ അർനോണാണ് തന്റെ മകൾക്ക് വരനെ തേടി സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം പോസ്റ്റ് ചെയ്തത്. 26കാരിയായ മകൾ കൺസിറ്റയ്ക്ക് വേണ്ടിയാണ് കോടീശ്വരനായ പിതാവ് വരനെ തേടുന്നത്. മകളെ വിവാഹം കഴിക്കുന്നവർക്ക് വലിയ വാഗ്ദാനങ്ങളാണ് അർനോൺ നൽകുന്നത്.
മകളെ വിവാഹം കഴിക്കുന്നയാൾക്ക് രണ്ട് കോടി മൂല്യമുള്ള തായ് കറൻസിയും, കോടികൾ ആസ്തിയുള്ള ബിസിനസിൽ പങ്കാളിത്തവും നൽകുമെന്നാണു വാഗ്ദാനം. കൂടാതെ പെൺകുട്ടി കന്യകയാണെന്നും മറ്റു ബന്ധങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അർനോൺ വീഡിയോയിൽ പറയുന്നുണ്ട്.
മകളെ എന്നും സന്തോഷവതിയായി സംരക്ഷിക്കാൻ ശേഷിയുള്ള ആളിനെ തന്നെയാണ് വേണ്ടതെന്ന് ഈ അച്ഛന് നിർബന്ധമുണ്ട്. മാന്യനും കഴിവുള്ളതുമായ ഒരാളെയാണ് പരിഗണിക്കുന്നതെന്നും പരസ്യത്തിൽപറയുന്നു. എന്നാൽ വിവാഹം വെറുതെ നടത്തി കൊടുക്കുകയല്ല. മത്സരങ്ങൾ നടത്തി കഴിവുള്ളയാളെ തന്നെയാണ് തിരഞ്ഞെടുക്കുക.
തായ്‌ലൻഡിന്റെ കിഴക്കൻ പ്രവിശ്യയായ ചേന്തബ്യൂരിയിൽ ഏപ്രിൽ ഒന്നിനാണ് മത്സരങ്ങൾ നടക്കുക. ഇതുവരെ നൂറുകണക്കിന് ആളുകളാണ് പരസ്യം കണ്ട് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിസിനസിലും മാർക്കറ്റിംഗിലുമുള്ള അറിവായിരിക്കും പരീക്ഷിക്കുക.
കൺസിറ്റ ഇപ്പോൾ അർനോണിനെ ബിസിനസിൽ സഹായിക്കുകയാണ്. സുഹൃത്തുക്കൾ പറയുമ്പോഴാണ് അച്ഛൻ സമൂഹമാദ്ധ്യമങ്ങളിൽ വിവാഹ പരസ്യം ചെയ്ത വിവരം മകൾ അറിഞ്ഞത്. കുടുംബത്തെ സ്നേഹിക്കുന്ന മാന്യനും നല്ലവനുമായ ഒരു പുരുഷനെയാണു താൻ ആഗ്രഹിക്കുന്നതെന്നു കണ്‍സിറ്റ മാദ്ധ്യമങ്ങളോട് പറഞ്ഞു.