ആലപ്പുഴ: പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണത്തിന് മുതിരാതെ കരുത്തനെതന്നെ എൽ.ഡി.എഫ് കളത്തിലിറക്കിയതോടെ വേനൽച്ചൂടിനൊപ്പം ഉയരുകയാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചൂടും. യു.ഡി.എഫിൽ നിന്ന് സിറ്റിംഗ് എം.പി കെ.സി.വേണുഗോപാൽ തന്നെ ജനവിധി തേടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും എൽ.ഡി.എഫ് പാളയത്തിൽ നിന്ന് ആര് എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിലെല്ലാം സജീവമായിരുന്നു. ഒടുവിൽ അരൂർ എം.എൽ.എ എ.എം.ആരിഫിനെ കളത്തിലിറക്കാൻ തീരുമാനമായതോടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഗ്രാഫും കുത്തനെ ഉയർന്നു. സംസ്ഥാനത്തു തന്നെ തീപാറുന്ന പോരാട്ടങ്ങളിലൊന്നായിരിക്കും ആലപ്പുഴയിലേത്.
ഇടതിലും വലതിലും മത്സരിക്കുന്നത് പരിചയ സമ്പന്നരാണ്. കെ.സി.വേണുഗോപാൽ തുടർച്ചയായി മൂന്ന് തവണ എം.എൽ.എയും രണ്ട് തവണ എം.പിയും ആയെങ്കിൽ ആരിഫ് നിയമസഭയിൽ തുടർച്ചയായ മൂന്നാം തവണയാണ് പ്രതിനിധീകരിക്കുന്നത്. ആലപ്പുഴയുടെ ചരിത്രമെടുത്താൽ ഈഴവ,നായർ, ക്രിസ്ത്യൻ സ്ഥാനാർത്ഥികളൊക്കെ നേരത്തെ മത്സരിച്ചിട്ടുണ്ടെങ്കിലും മുസ്ളിം സമുദായത്തിൽ നിന്നൊരാൾ സ്ഥാനാർത്ഥിയാകുന്നത് ആദ്യമായാണ്. അതു തന്നെയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷയും.
യു.ഡി.എഫിനാകട്ടെ കരുത്തനായ കെ.സി.വേണുഗോപാലിന്റെ സാന്നിദ്ധ്യമാണ് ആത്മവിശ്വാസം പകരുന്നത്. മൂന്നാം തവണയാണ് കെ.സി.വേണുഗോപാൽ പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചതിനേക്കാൾ തലപ്പൊക്കത്തിലാണ് ഇപ്പോൾ കെ.സിയുടെ സ്ഥാനം. കോൺഗ്രസിൻെറ മുൻനിര ദേശീയനേതാവ്. രാഹുൽ ഗാന്ധി കഴിഞ്ഞാൽ രണ്ടാമത്തെ വാക്ക്. എ.എെ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ മത്സരിക്കുമ്പോൾ ദേശീയ മാദ്ധ്യമങ്ങളുടെ കണ്ണുകൾവരെ ആലപ്പുഴയിലെത്തും.
പ്രവചനം അസാദ്ധ്യം
വിപ്ളവത്തിൻെറ മണ്ണിൽ ചുവന്ന കൊടി പാറിക്കുക എന്നത് സി.പി.എമ്മിന് അന്തസിൻെറ പ്രശ്നമാണ്. പത്ത് വർഷമായി മൂവർണക്കൊടി ആലപ്പുഴയുടെ നെഞ്ചിൽ പാറി നിൽക്കുകയാണ്. ഡോ.കെ.എസ്. മനോജാണ് അവസാനമായി സി.പി.എമ്മിൻെറ കൊടി വീശിയത്. അതിനെ താഴ്ത്തിക്കൊണ്ടായിരുന്നു കെ.സിയുടെ വരവ്. 2009 ൽ എം.എൽ.എ ആയിരിക്കെയാണ് കെ.സി പാർലമെന്റിലേക്ക് മത്സരിച്ചത്. ആരിഫാകട്ടെ മൂന്ന് തവണയായി അരൂരിൻെറ തേരാളിയാണ്. ഗൗരിഅമ്മയുടെ തറവാട് പോലെ നിന്ന അരൂരിൽ കടന്നുകയറി സി.പി.എമ്മിൻെറ കൊടി കുത്തിയപ്പോൾ ചില്ലറക്കാരനല്ലെന്ന് അന്നേ ബോദ്ധ്യപ്പെട്ടു. അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ച് എതിരാളിയില്ലെന്ന് ആരിഫ് തെളിയിച്ചു.