helicopter

ന്യൂഡൽഹി: വ്യോമസേന ഹെലികോപ്ടർ തകർന്ന് ഫെബ്രുവരി 27ന് ആറ് എയർഫോഴ്സ് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ സംശയം ഉയരുന്നു. ഹെലികോപ്ടർ തകർന്നത് എങ്ങനെയാണെന്ന കാര്യത്തിലാണ് സംശയം ഉയരുന്നത്. ഈ സാഹചര്യത്തിൽ വ്യോമസേന അന്വേഷണം നടത്തിവരികയാണ്.

ശ്രീനഗറിന് സമീപത്തെ ബഡ്ഗാമിൽ ഹെലികോപ്ടർ തകർന്നത് അബദ്ധത്തിലാകാമെന്ന് സംശയം. ഇത് തകർന്നത് ഇന്ത്യൻ സേനയുടെ തന്നെ വെടിയേറ്റാണെന്ന സംശയം ഉന്നയിക്കുന്ന റിപ്പോർട്ട് ദി ഇക്കണോമിക് ടൈംസാണ് ഇതിനെ സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എം.ഐ17 വി15 എന്ന ഹെലികോപ്ടറാണ് ബുദ്ഗാമിൽ ഫെബ്രുവരി 27ന് തകർന്നു വീണത്.

അവിടെ നിന്ന് 100കിലോമീറ്റർ അകലെ പാക് വ്യോമവ്യൂഹം അതിർത്തി ലംഘിച്ചിരുന്നു. തുടർന്ന് പാക് പോർ വിമാനങ്ങളെ തുരത്താൻ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ പുറപ്പെടുകയും ചെയ്തു. ഒപ്പം ശ്രീനഗർ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളിലെയും വ്യോമപ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. അതിർത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ അബദ്ധത്തിൽ തെറ്റിദ്ധരിച്ചാകാം ഹെലികോപ്ടറിന് വെടിയേറ്റതാകാമെന്ന് റിപ്പോർട്ടിൽ പറയുന്നത്.

അതിർത്തി ലംഘനം നടന്ന രാവിലെ പത്ത് മണിക്കും പത്തരക്കുമിടയിലായിരുന്നു ഹെലികോപ്ടർ തകർന്ന് വീണത്. വിമാനത്തിലെ ആറ് ഉദ്യോഗസ്ഥരും മരണപ്പെട്ടിരുന്നു. സാങ്കേതിക തകരാർ മൂലം എം.ഐ17 വി15 തകരാൻ സാദ്ധ്യത കുറവാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നാണിത്.