ന്യൂഡൽഹി: റാഫേൽ വിഷയത്തിൽ ഒരു 'ബൈപ്പാസ് സർജറി'യാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. അനിൽ അംബാനിക്ക് വേണ്ടി പല കാര്യങ്ങളിലും കാലതാമസം വരുത്തുകയായിരുന്നു. കാവൽക്കാരനെന്ന് പറഞ്ഞു നടന്നിട്ട് ഇതൊന്നും സൂക്ഷിച്ചുവയ്‌ക്കാൻ കഴിയുന്നില്ലല്ലോയെന്നും രാഹുൽ പരിഹസിച്ചു.
റാഫേൽ വിമാനം വൈകിപ്പിച്ചത് മോദിയാണ്. മോദിയെ സംരക്ഷിക്കാനായി രാജ്യത്തെ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. റാഫേൽ ഇടപാടിലെ രഹസ്യരേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷണം പോയെന്ന് കഴിഞ്ഞ ദിവസം സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചതിന് പിന്നാലെയായാണ് രാഹുലിന്റെ വിമർശനം.
"ഒരു വശത്ത് നിങ്ങൾ രേഖകൾ കാണാനില്ലെന്ന് പറയുന്നു. ഇതിന്റെ അർത്ഥം പുറത്ത് വന്ന രേഖകൾ സത്യസന്ധമാണ് എന്നാണ്. ഈ രേഖകളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തി എന്ന് പറയുന്നു. ഇത് അന്വേഷിക്കണം. പ്രധാനമന്ത്രിയുടെ ഓഫീസ് എന്തിനാണ് സമാന്തര ചർച്ചകൾ നടത്തിയത്.
അഴിമതി നടന്നിട്ടില്ലെങ്കിൽ മോദി എന്തിന് അന്വേഷണത്തെ ഭയക്കണം. കൃത്യമായ അഴിമതിതന്നെയാണ് നടന്നിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള എല്ലാ തെളിവുകളുമുണ്ട്. അദ്ദേഹം കുറ്റക്കാരനല്ലെങ്കിൽ പിന്നെ എന്തിനാണ് പേടിക്കുന്നതെ"ന്നും രാഹുൽ ചോദിച്ചു.