തിരുവനന്തപുരം: എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏറെ മുന്നോട്ട് പോയപ്പോൾ ബി.ജെ.പിയിലെ ആലോചനകൾ പൂർത്തിയായില്ല. നിയോജക മണ്ഡലം പ്രസിഡന്റുമാർ മുതലുള്ള നേതാക്കളോട് തങ്ങളുടെ മണ്ഡലത്തിൽ ആരെ നിറുത്തണമെന്ന അഭിപ്രായം സ്വരൂപിക്കുകയാണ് ബി.ജെ.പി. സി.കെ.പദ്മനാഭൻ, ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ് എന്നിവരാണ് മൂന്ന് മേഖലകളിലായി പ്രവർത്തകരുടെ അഭിപ്രായം സ്വരൂപിക്കുന്നത്.
ശനിയാഴ്ച ഇടതുമുന്നണി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്ഥാനാർത്ഥി നിർണയം ഏറ്രവും സങ്കീർണ്ണതയുണ്ടാക്കാറുള്ള യു.ഡി.എഫിലാകട്ടെ ഇത്തവണ മാണി ഗ്രൂപ്പിലെ പ്രശ്നങ്ങളൊഴിച്ചാൽ കാര്യങ്ങൾ വേഗത്തിൽ നീങ്ങുന്നുണ്ട്. എന്നിട്ടും ബി.ജെ.പി സ്ഥാനാർത്ഥിക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനത്തിലേക്ക് എത്താത്തത് നേതാക്കൾക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു ദിവസവും വരാമെന്നിരിക്കെയാണ് ഇതെന്നാണ് നേതാക്കളുടെ വിമർശനം.
ഇടതുമുന്നണിയും കോൺഗ്രസും തങ്ങളുടെ സംസ്ഥാനതല ജാഥകൾ പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ബി.ജെ.പി നാലു ജാഥകൾ തുടങ്ങിയിട്ടേ ഉള്ളൂ. ഈ മാസം 10നാണ് ജാഥകൾ സമാപിക്കുക. അതേസമയം ജാഥ തീരുന്നതുവരെ സ്ഥാനാർത്ഥി നിർണയം നീട്ടിക്കൊണ്ടുപോകില്ലെന്ന് ഒരു പ്രമുഖ ബി.ജെ.പി നേതാവ് പറഞ്ഞു. അവസാന നിമിഷം വരെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിന് പകരം നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിച്ചാൽ പ്രചാരണത്തിൽ അത്രയും മുന്നേറാമായിരുന്നു എന്നാണ് പ്രവർത്തകരുടെ അഭിപ്രായം.
സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റേതായിരിക്കും അന്തിമ തീരുമാനമെന്നതിനാൽ ഇതിനായി കേന്ദ്രത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് നേതാക്കൾ. ബി.ജെ.പി ഏറെ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരം, ആറ്രിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായേക്കാം. ശക്തമായ മത്സരം നടക്കുന്നിടത്ത് ഉൾപ്പെടെ സ്ഥാനാർത്ഥി നിർണയത്തിൽ ആർ.എസ്.എസിന്റെ സ്വാധീനവും ഉണ്ടാവും.
അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അതുപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്ന് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭത്തിനുണ്ടായ ജനകീയ പങ്കാളിത്തവും അനുകൂല വികാരവും നിലനിറുത്താൻ പോലും ബി.ജെ.പിക്കാവുന്നില്ല. അതേസമയം, കേരളത്തിൽ പരസ്പരം മത്സരിക്കുന്ന കോൺഗ്രസ് മുന്നണിയും സി.പി.എം മുന്നണിയും ബംഗാൾ, തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ഒരുമിച്ച് മത്സരിക്കുന്നതും ബി.ജെ.പിക്ക് അനുകൂലമാക്കാൻ കഴിയുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിറുത്താനാണ് ആർ.എസ്. എസ് നേതൃത്വം അവസാന നിമിഷവും ശ്രമിക്കുന്നത്. ഇല്ലെങ്കിൽ സുരേഷ് ഗോപിക്ക് നറുക്ക് വീഴും. പത്തനംതിട്ടയിലോ തൃശൂരിലോ കെ.സുരേന്ദ്രനാവും സ്ഥാനാർത്ഥി. മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥി സാദ്ധ്യതാ ചർച്ചകൾ നടക്കുന്നതല്ലാതെ അന്തിമ രൂപത്തിലേക്ക് എത്തിയിട്ടില്ല.