kollam

കൊല്ലം: ഐ.ടി.ഐ വിദ്യാർത്ഥിയെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായ സി.പി.എം നേതാവിനെ പൊലീസ് കസ്റ്റ‌ഡിയിലെടുത്തു. അരിനെല്ലൂർ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള പൊലീസ് കസ്റ്റഡിയിൽ. അല്പസമയത്തിനകം പ്രതിയുടെ അറസ്റ്റ്‌ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തെ തുടർന്ന് സരസൻ പിള്ള പലയിടങ്ങളിലായി ഒളിവിലായിരുന്നു. പ്രതിയെ ഇപ്പോൾ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിന് ശേഷം അറസ്റ്റ്‌ രേഖപ്പെടുത്തുമെന്ന് ചവറ പൊലീസ് പറഞ്ഞു. പ്രധാന പ്രതിയായ ജയിൽ വാർഡൻ വിനീത് രഞ്ജിത്തിനെ ആക്രമിക്കുമ്പോൾ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. സരസൻ പിള്ളയെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് മരണപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

പെൺകുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ച് ഒരു സംഘം ആൾക്കാർ വീട്ടിലെത്തി രഞ്ജിത്തിനെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. താൻ ആരെയും ശല്യം ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് ആക്രമികളോട് പലതവണ പറഞ്ഞെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ രഞ്ജിത്ത് ആശുപത്രി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തലയിൽ മാരകമായ അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.