ന്യൂഡൽഹി: ഹോണ്ടയുടെ എക്‌സിക്യൂട്ടീവ് സെഡാനായ സിവിക്കിന്റെ പത്താം തലമുറ മോഡൽ വിപണിയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഹോണ്ട കാർസ് ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയുമായ ഗാക്കു നകാനിഷി, മാർക്കറ്രിംഗ് ആൻഡ് സെയിൽസ് സീനിയർ വൈസ് പ്രസിഡന്റും ഡയറക്‌ടറുമായ രാജേഷ് ഗോയൽ എന്നിവർ വാഹനം വിപണിയിലിറക്കി.
ഹോണ്ടയുടെ ദേശീയ വില്‌പനയുടെ പത്തു ശതമാനം സംഭാവന ചെയ്യുന്നത് കേരളമാണെന്ന് ഗാക്കു നകാനിഷി 'കേരളകൗമുദി"യോട് പറഞ്ഞു. പ്രളയം താത്കാലിക തിരിച്ചടിയായെങ്കിലും ഒരുമാസത്തിനകം ഹോണ്ട വില്‌പന വളർച്ചയിലേക്ക് തിരിച്ചെത്തി. ഇന്ത്യയിൽ വിപണി വളർച്ച കഴിഞ്ഞമാസം രണ്ടു ശതമാനം ഇടിഞ്ഞപ്പോൾ ഹോണ്ട 16 ശതമാനം മുന്നേറിയെന്നും അദ്ദേഹം പറഞ്ഞു.
ആകർഷവും ഉന്നത ഫീച്ചറുകളാൽ സമ്പന്നവുമാണ് പുതിയ സിവിക്. ഡി.ആർ.എല്ലോടു കൂടിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഇലക്‌ട്രിക് സൺറൂഫ്, പിന്നിലേക്ക് ഒഴുകി വീഴുന്ന മുകൾഭാഗം, 17-അഞ്ച് അലോയ് വീലുകൾ,ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ്, പ്രീമിയം ലെതർ സീറ്റുകൾ, എട്ടുവിധം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്‌ട്രിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർ ബാഗുകൾ എന്നിങ്ങനെ സവിശേഷതകൾ ധാരാളം.
1.8 ലിറ്റർ പെട്രോൾ, 1.6 ലിറ്റർ ഡീസൽ വകഭേദങ്ങളാണുള്ളത്. പെട്രോളിൽ വി., വി.എക്‌സ്., ഇസഡ് എക്‌സ് എന്നീ വേരിയന്റുകളുണ്ട്. സി.വി.ടിയാണ് ട്രാൻസ്‌മിഷൻ. മൈലേജ് 16.5 കിലോമീറ്രർ. വില 17.69 ലക്ഷം മുതൽ 20.99 ലക്ഷം രൂപവരെ. വി.എക്‌സ്., ഇസഡ്.എക്‌സ് വേരിയന്റുകളുള്ള ഡീസൽ മോഡൽ 26.8 കിലോമീറ്റർ മൈലേജ് നൽകും. 6സ്‌പീഡ് മാനുവലാണ് ട്രാൻസ്‌മിഷൻ. വില 20.49 ലക്ഷം മുതൽ 22.29 ലക്ഷം രൂപവരെ. ആകർഷകമായ അഞ്ച് നിറങ്ങളിൽ പുതിയ സിവിക് ലഭിക്കും.