വിവാഹച്ചടങ്ങ് വീടുകളിലും ക്ഷേത്രങ്ങളിലും ആഡിറ്റോറിയങ്ങളിലുമെല്ലാം മാത്രമാണ് നടക്കുന്നതെന്ന് വിചാരിക്കേണ്ട. കടൽക്കരയിൽ വിവാഹിതരാകുന്നവരുമുണ്ട്. ഒമാനിലെ പരമ്പരാഗത കുംസാരി ഗോത്ര വിവാഹമാണ് കടൽത്തീരങ്ങളിൽ വച്ച് നടക്കുന്നത്. മീൻപിടുത്തമാണ് തൊഴിൽ എന്നതുകൊണ്ട് തന്നെ കടൽ ഇവർക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് കടൽ സാക്ഷിയായി വിവാഹം നടത്തുന്നത്.
കുളിച്ച് അണിഞ്ഞൊരുങ്ങുന്ന വരൻ നേരെ കടൽത്തീരത്തെത്തും. കൂടെ അതിഥികളും ബന്ധുക്കളുമൊക്കെയുണ്ടാകും. വരന്റെ കാലിനടിയിൽ വച്ച് കോഴിമുട്ട പൊട്ടിക്കുന്ന ഒരാചാരമുണ്ട്. അതിന് ശേഷം കടൽവെള്ളം കൈ കൊണ്ട് തൊടും. കുളിച്ച് ശുദ്ധിയായി കടൽവെള്ളം തൊട്ടു ചടങ്ങുകൾ ആരംഭിക്കുന്നത് ശുഭകരമായി കരുതുന്നവരാണിവർ. വൈകുന്നേരം വാദ്യോപകരണങ്ങളുമായി നൃത്തം ചവിട്ടുന്നതും വിവാഹചടങ്ങിന്റെ ഭാഗമാണ്. വരനും നൃത്തത്തിൽ സജീവമായി ഉണ്ടാകും.
വാളുകളും വടികളുമെല്ലാം കൈകളിൽ പിടിച്ചു നൃത്തം ചെയ്യുന്ന സംഘത്തിലുള്ളവർ ഇടയ്ക്കു വാളുകൾ മുകളിലേക്ക് എറിയുകയും പിടിച്ചെടുക്കുകയും ചെയ്യുന്നു. കൂടുതൽ ഉയരത്തിൽ വാൾ എറിഞ്ഞ് പിടിക്കുന്നവരാണ് മിടുക്കർ. പുരുഷന്മാരുടെ മാത്രമല്ല, സ്ത്രീകളുടെ നൃത്തവുമുണ്ടാകും. കടൽത്തീരത്തെ ആഘോഷത്തിന് പുറമെ മൈതാനത്തുമുണ്ട് ആഘോഷം. സാമ്പത്തിക സ്ഥിതി അനുസരിച്ച് മൂന്നുദിവസം വരെ കുംസാരി ഗോത്രക്കാരുടെ വിവാഹാഘോഷം നീളും.