india-and-america

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ തങ്ങൾക്ക‌് വേണ്ടത്ര പരിഗണന നൽകാത്തതിന്റെ പേരിൽ ഇത്രയും കാലം നൽകി വന്നിരുന്ന വാണിജ്യ മുൻഗണന അവസാനിപ്പിക്കുന്ന അമേരിക്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. അമേരിക്കയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി വർദ്ധിപ്പിച്ചാണ് രാജ്യം തിരിച്ചടിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ തീരുമാനം പ്രാവർത്തികമാക്കുമെന്നാണ് സൂചന. ഇതോടെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 29 സാധനങ്ങൾക്ക് നികുതി വർദ്ധിക്കും.

നികുതിയില്ലാതെ 5.6 ലക്ഷം കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പൊതു മുൻഗണന (ജി.എസ്‌.പി) പ്രകാരം ഇന്ത്യക്ക് നൽകിയ പ്രത്യേക സ്ഥാനമാണ് അമേരിക്ക ഉപേക്ഷിച്ചത്. യു.എസും ഇന്ത്യൻ സർക്കാരും തമ്മിൽ നല്ല രീതിയിൽ മുന്നോട്ടുപോയ വാണിജ്യബന്ധത്തിനൊടുവിലും ഇന്ത്യൻ വിപണിയിൽ ന്യായമായ ഇടപെടൽ നടത്താൻ അമേരിക്കയ്ക്ക് അവസരം ലഭിക്കുന്നില്ലെന്നതാണ് താൻ ഈ നിലപാട് സ്വീകരിക്കാൻ കാരണമെന്ന് ജനപ്രതിനിധി സഭാംഗങ്ങൾക്കുള്ള കത്തിൽ ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, വാൽനട്ട്, പരിപ്പ്, പയർ, കടലപ്പരിപ്പ്, കടല, ബോറിക് ആസിഡ്, ഡയഗ്‌നോസ്റ്റിക് റീ ഏജന്റ്സ് തുടങ്ങിയവയ്ക്കാണ് ഇന്ത്യ ചുങ്കം വർദ്ധിപ്പിച്ചത്. വാൽനട്ടിനു ചുങ്കം നാലു മടങ്ങാക്കി 120 ശതമാനമാക്കും. കടല, പരിപ്പ് തുടങ്ങിയവയ്ക്ക് ചുങ്കം ഇരട്ടിപ്പിച്ച് 70 ശതമാനമാക്കും. പയറിന് 30 ശതമാനമെന്നുള്ളതു 40 ശതമാനമാക്കും.അമേരിക്കയുടെ ചുങ്കം വർദ്ധന മേയ് ആദ്യമാണു പ്രാബല്യത്തിൽ വരിക.