കൗതുകങ്ങൾ ധാരാളമൊളിപ്പിച്ച ദ്വീപുകൾ അങ്ങ് വിദേശരാജ്യങ്ങളിൽമാത്രമല്ല, നമ്മുടെ ഇന്ത്യയിലുമുണ്ട്. ഗുജറാത്തിലെ ദിയു ദ്വീപ് അത്തരത്തിലൊന്നാണ്.
പോർച്ചുഗീസ് സംസ്കാരവും ഇന്ത്യൻ സംസ്കാരവും ഒത്തുചേർന്ന് വേറിട്ട അനുഭവം സഞ്ചാരികൾക്ക് ഒരുക്കുന്ന ദ്വീപാണിത്. ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതൊരു കേന്ദ്രഭരണ പ്രദേശമാണ്. കടലിനു നടുവിൽ കപ്പലിന്റെ ആകൃതിയിലുള്ള കോട്ടയാണ് പാനികൊത്ത.
ദിയുവിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പാനികൊത്ത. ഫോർട്ടിം ദോ മാർ എന്നും ഈ കോട്ട അറിയപ്പെടുന്നുണ്ട്. കോട്ടമാത്രമല്ല, മനോഹരമായ ബീച്ചുകളും ദിയുവിലുണ്ട്. ഇവിടെനിന്ന് 18 കിലോമീറ്റർ അകലെയാണ് മനോഹരമായ നഗോവ തീരം. അർദ്ധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടർ സ്പോർട്സുകൾ നടക്കുന്നത് ഇവിടെയാണ്.
ഗുഹയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്ന ഗംഗേശ്വർ ക്ഷേത്രം ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമാണ്. ദിയുവിൽനിന്ന് മൂന്ന് കി.മി അകലെ ഫാദും ഗ്രാമത്തിലാണ് ഈ ക്ഷേത്രം.