''സാർ.... "
വിജയ അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് ഫോൺ കട്ടായി.
അവൾ ഡ്രൈവർ സുമത്തെ നോക്കി. മറ്റുള്ള കോൺസ്റ്റബിൾസും വിജയയെ നോക്കിയിരിക്കുകയായിരുന്നു.
''സുമം... എസ്.പി ഓഫീസിലേക്കു വിട്..."
ഇന്നോവ സ്റ്റാർട്ടായി. ഇടിമിന്നൽ പോലെ അത് പാഞ്ഞുപോയി.
പതിനഞ്ച് മിനുട്ടുകൊണ്ട് കാർ എസ്. പി ഓഫീസിനു മുന്നിലെത്തി.
''ഞാൻ പോയിട്ടുവരാം. നിങ്ങളിരിക്ക്." സബോഡിനേറ്റ്സിനോടു പറഞ്ഞിട്ട് വിജയ രണ്ടാം നിലയിലേക്കു നടന്നു.
അരുണാചലം അവളെ കാത്തിരിക്കുകയായിരുന്നു.
അയാൾക്കു മുന്നിൽ അവൾ അറ്റൻഷനായി.
''സാർ."
''വിജയ ഇരിക്ക്." മുന്നിലെ ലാപ്ടോപ് അരുണാചലം അടച്ചുവച്ചു.
ഒന്നു മടിച്ചിട്ട് വിജയ ഇരുന്നു.
''എനിക്ക് ട്രാൻസ്ഫറാണ്." അയാൾ പറഞ്ഞു.
''സാർ... എവിടേക്കാണ്?"
വിജയയ്ക്ക് ആകാംക്ഷ.
''തിരുവനന്തപുരത്തിന്. പോലീസിൽ അല്ല കേട്ടോ. തൽക്കാലം ആനവണ്ടിയുടെ ഡ്രൈവിങ് സീറ്റിലേക്ക്....."
അരുണാചലം ചിരിച്ചു.
''സാർ..... ഇത്ര പെട്ടെന്ന് ?"
വിജയയ്ക്കു മനസ്സിലായില്ല.
''പുതിയ ചീഫ് മിനിസ്റ്ററുടെ ആദ്യ ഉത്തരവാണ്."
വിജയയുടെ മുഖം കറുത്തു. അരുണചലം അത് ശ്രദ്ധിച്ചു.
എസ്.പിയുടെ ക്യാബിനിൽ മറ്റാരും ഉണ്ടായിരുന്നില്ല.
''ഞാൻ വിജയയെ വിളിപ്പിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് "
വിജയ കാത് കൂർപ്പിച്ചു.
''നിങ്ങൾ ആറ് എസ്.ഐമാർ ചേർന്ന് ഒരു സമാന്തര നിയമവ്യവസ്ഥയ്ക്കു രൂപം നൽകിയത് എനിക്കറിയാം.
'റെഡ്" അല്ലേ?"
''സാർ " വിജയ അമ്പരന്നു.
''പേടിക്കണ്ടാ. ഡിപ്പാർട്ടുമെന്റിൽ മറ്റാർക്കും ഇത് അറിയില്ല. സത്യം പറഞ്ഞാൽ മനസ്സുകൊണ്ട് ഞാൻ നിങ്ങളുടെ കൂടെയായിരുന്നു. കാക്കിയിട്ടുകൊണ്ട് നിയമ വ്യവസ്ഥ നടപ്പാക്കാൻ കഴിയില്ലെങ്കിൽ ഈ നാടിനെ രക്ഷിക്കാൻ നിങ്ങളുടെ ഗ്രൂപ്പിനു കഴിയുമെന്ന് ഞാനും വിശ്വസിച്ചിരുന്നു. പക്ഷേ...."
എസ്.പി ഒന്നു നിർത്തി.
''ആറുപേരിൽ അഞ്ചുപേരും ബാക്കിയില്ല. ഇനി അവശേഷിക്കുന്നത് വിജയ മാത്രം. എല്ലാവരുടെയും ലക്ഷ്യം തനിക്ക് ഒറ്റയ്ക്ക് പൂർത്തിയാക്കാൻ കഴിയുമോ? എനിവേ... ഏറ്റവും ദോഷകാരികളായ ചിലരെയെങ്കിലും... എന്റെ ഭാഗത്തുനിന്ന് എല്ലാ സപ്പോർട്ടും തനിക്കുണ്ടാവും."
വിജയ, എസ്.പിയുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ വല്ലാത്തൊരു തരം തിളക്കം കണ്ടു.
''എന്റെ പരമാവധി ഞാൻ ശ്രമിക്കും സാർ...."
പെട്ടെന്നായിരുന്നു അവളുടെ മറുപടി.
'' എങ്കിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കിടക്കുന്ന ഒരാൾ നാളെ ജാമ്യത്തിൽ ഇറങ്ങും. ഭാര്യയും മക്കളും നഷ്ടപ്പെട്ട ഒരാൾ. ആദ്യകാലത്ത് കുറെ തെറ്റുകൾ അയാൾ ചെയ്തിട്ടുണ്ട്. പക്ഷേ തന്റെ കുടുംബം തകർന്നതോടെ ഇപ്പോൾ അയാളുടെ മനസിൽ ശത്രുക്കളോടുള്ള പക മാത്രമാണ്. എസ്.ഐ ജെയിംസ്. ഓർക്കുന്നുണ്ടല്ലോ വിജയ?"
''ഉണ്ട് സാർ...."
നാൽക്കാലിക്കലെ തോട്ടിൽ മരിച്ചു കിടന്നിരുന്ന ജെയിംസിന്റെ ഭാര്യ ഷെറിനെയും കുട്ടികളെയും വിജയ ഓർത്തു.
''വിജയേ.... " അരുണാചലത്തിന്റെ ശബ്ദമാണ് അവളെ ഉണർത്തിയത്.
''ജെയിംസ് അങ്ങോട്ട് വന്ന് വിജയയെ കണ്ടോളും. എന്തിനും ഒപ്പം ഉണ്ടായിരിക്കുകയും ചെയ്യും. ഇടയ്ക്ക് എന്നെ വിളിക്കണം. "
''വിളിക്കാം താങ്ക്യൂ സാർ. "
അവൾ എഴുന്നേറ്റു. എസ്.പിക്കു മുന്നിൽ ഒരിക്കൽക്കൂടി അറ്റൻഷനിലായി.
***
രാത്രി
രാജസേനന്റെ ചിത എരിഞ്ഞടങ്ങിയിരുന്നു.
ലോണിലെ പുൽത്തകിടിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി രാഹുൽ ആ ഭാഗത്തേക്കു നോക്കി.
നൂലുപോലെ വെളുത്ത പുക അച്ഛന്റെ ചിതയിൽ നിന്ന് ഉയരുന്നതു കണ്ടു.
അവന്റെ മുന്നിൽ വിക്രമനും സാദിഖും ഉണ്ടായിരുന്നു.
സാദിഖ് ഒഴിച്ചുകൊടുത്ത മദ്യം ഒരിറക്കു കുടിച്ചു രാഹുൽ. പിന്നെ ഗ്ളാസ് കൈപ്പത്തികൾക്ക് ഇടയിൽ വച്ച് പതുക്കെ ഉരുട്ടി.
''വിക്രമാ..." അതിനിടെ അവൻ വിളിച്ചു.
''പറഞ്ഞോ സാറേ.."
''ഇനി എനിക്ക് പഴയതുപോലെ ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാത്തിനും ഒരു 'മറ" വേണം.
''അറിയാം സാർ...''
തെളിഞ്ഞു നിന്നിരുന്ന നിലാവ് പെട്ടെന്നൊരു കരിമേഘത്തിനുള്ളിൽ ഒളിച്ചു.
രാഹുൽ പറഞ്ഞു:
''കോളേജിൽ പഠിക്കുന്ന കാലം മുതലേ എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. അത് ഇന്നുവരെ നടന്നിട്ടില്ല. ഇനി എനിക്ക് ക്ഷമിക്കാനും വയ്യ. "
അവൻ പറയുന്നത് എന്തെന്നറിയൻ വിക്രമനും സാദിഖും കാത് കൂർപ്പിച്ചു.
[തുടരും]