സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകാൻവേണ്ടി എന്തുചെയ്യാനും മടിയില്ലാതെ മാറിയിരിക്കുയാണ് ഒരു വലിയവിഭാഗം ആളുകളും. എന്നാൽ, യാത്രാ ബ്ലോഗേഴ്സായ ദമ്പതികൾ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് വലിയ വിമർശനമാണ് നാലുദിക്കിൽനിന്നും ഇവർക്കുനേരെ ഉയരുന്നത്.
റാഖ്വേൽ-മിഖ്വേൽ ദമ്പതികളാണ് ശ്രീലങ്കയിൽ ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എല്ലയെന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണിവ. ട്രെയിനിൽ തൂങ്ങിനിൽക്കുന്ന മിഖ്വേലിനെ റാഖ്വേൽ ചുംബിക്കുന്ന ചിത്രമാണ് ഇവർ പോസ്റ്റ് ചെയ്തത്. ''എന്തൊക്കെ തന്നെ സംഭവിച്ചാലും ജീവിതമെന്ന ഈ അദ്ഭുതയാത്ര നിങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക" എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു ചിത്രം.
43000ഓളം ലൈക്കുകൾ നേടിയ ചിത്രത്തിന് രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, ട്രെയിൻ പതിയെ ആയിരുന്നു പോയതെന്നും അതിനാൽ അപകടസാദ്ധ്യത ഇല്ലായിരുന്നെന്നുമാണ് വിമർശകർക്ക് ബ്ലോഗേഴ്സ് ദമ്പതികൾ നൽകിയ വിശദീകരണം. ലൈക്കുകളും ഫോളോവേഴ്സിന്റെയും എണ്ണവും കൂട്ടാൻ വേണ്ടി ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്നാണ് ഇരുവർക്കും സോഷ്യൽമീഡിയയിൽനിന്ന് ലഭിക്കുന്ന ഉപദേശങ്ങൾ.