വാഷിംഗ്ടൺ: ഒരു മനുഷ്യൻ ഒരുദിവസം ശരാശരി എത്രനുണകൾ പറയും? ഒന്ന്, രണ്ട്..? പക്ഷേ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ദിവസം തട്ടിവിടുന്നത് 22ഓളം കള്ളങ്ങളാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ന്യൂയോർക്ക് ടൈംസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ഇത്തരത്തിൽ 9,014പ്രസ്താവനകളാണ് ട്രംപ് നടത്തിയിട്ടുള്ളതത്രെ! 2018 ൽ ശരാശരി ഒരു ദിവസം 16.5 കള്ളങ്ങളാണ് ട്രംപ് പറഞ്ഞതെങ്കിൽ 2019ൽ അത് 22 ആവുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷത്തെ ശരാശരി ഇത്രയും വർദ്ധിക്കാൻ ട്രംപിനെ 'സഹായിച്ചത്" ഇക്കഴിഞ്ഞദിവസം നടന്ന പൊളിറ്റിക്കൽ കൺസർവേറ്റീവ് ആക്ഷൻ കൺവെൻഷനിൽ നടത്തിയ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. 100 വസ്തുതാവിരുദ്ധ പരാമർശങ്ങളാണ് ട്രംപ് ഈ രണ്ടു മണിക്കൂറിനുള്ളിൽ തട്ടിവിട്ടത്. കുടിയേറ്റം, തൊഴിൽ സാദ്ധ്യതകൾ, തുടങ്ങിയ വിഷയങ്ങളിലാണ് ട്രംപിന്റെ ഈ കള്ളംപറച്ചിൽ. ഭരണത്തിൽ വന്ന വർഷം, അതായത് 2016ൽ ദിവസേന ശരാശരി 5.9 തെറ്റായ പ്രസ്താവനകളാണ് ട്രംപ് നടത്തിയിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവ് കൊണ്ട് വന്നത് താനാണെന്ന തെറ്റായ പ്രസ്താവന ട്രംപ് നടത്തിയത് 131 തവണയാണ്. മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമിച്ചു കഴിഞ്ഞു എന്ന് 126 തവണയും, അമേരിക്കയുടെ സാമ്പത്തിക നിലവാരം എക്കാലത്തേതിലും മികച്ചതാണെന്ന് 116 തവണയുമാണ് ട്രംപ് പറഞ്ഞത്.