പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യണോ? എങ്കിൽ നേരെ വച്ചുപിടിച്ചോളൂ കേരളത്തിലെ രണ്ടാമത്തെ വന്യജീവി സംരക്ഷണകേന്ദ്രമായ പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്ക്. കാടിനെയും കാട്ടുജീവികളെയും അറിഞ്ഞ് യാത്ര ചെയ്യാം. കേരളത്തിലെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിലൊന്നായ ഇവിടെ നിരവധി സന്ദർശകരാണ് ദിവസം എത്തുന്നത്. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായിട്ട് സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുകയാണ്.
തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആനമല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അണക്കെട്ടും കടുവാസംരക്ഷണ കേന്ദ്രവുമെല്ലാം വിനോദ സഞ്ചാരികൾക്ക് നല്ല അനുഭവങ്ങൾ സമ്മാനിക്കുക തന്നെ ചെയ്യും. അക്ഷരാർത്ഥത്തിൽ പ്രകൃതിയുടെ തണുപ്പും കാറ്റുമറിഞ്ഞുള്ള ഒരു യാത്രയായിരിക്കും പറമ്പിക്കുളത്തേക്കുള്ളത്.
തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ മറ്റൊരു പ്രധാന ആകർഷണമാണ്. ഈ ഡാമിന് മറ്റു ഡാമുകളെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. മലകൾ തുരന്ന് രണ്ട് ഡാമുകളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുകയാണിവിടെ. പറമ്പിക്കുളം നദിയും അണക്കെട്ടുമെല്ലാം കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ തന്നെ. പറമ്പിക്കുളത്തേക്കുള്ള യാത്രയിൽ വഴിനീളെ തേക്കിൻമരങ്ങൾ കാണാവുന്നതാണ്. തുണക്കടവ് ഡാം എത്തുതോടെ ധാരാളം മുളങ്കാടുകളും കാണാനാകുന്നു.
അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന നിരവധി ചെടികളുടെയും മരങ്ങളുടെയും പക്ഷികളുടെയുമെല്ലാം സാന്നിധ്യം പറമ്പിക്കുളത്ത് ഇപ്പോഴുമുണ്ട്. ആന, കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല തുടങ്ങിയ കാട്ടുജീവികളെയും കാണാം. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ മുൻകൂർ അനുവാദം വാങ്ങണം. അനുമതി കിട്ടിയാൽ നിശ്ചിത പരിധി വരെ വനത്തിലൂടെ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരവും വിനോദസഞ്ചാരികളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നുണ്ട്.