congress-cpim

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ബംഗാളിൽ സി.പി.എം- കോൺഗ്രസും തമ്മിൽ തുടക്കത്തിൽത്തന്നെ പ്രതിസന്ധിയിൽ. ഇരുപാർട്ടികളിലെയും നിലപാടുകൾതന്നെയാണ് തർക്കമാവുന്നത്. 2014 ൽ സി.പി.എം വിജയിച്ച റായ്ഗഞ്ച്, മുർഷിദാബാദ് എന്നീ സീറ്റുകളിൽ മത്സരിക്കുമെന്ന കോൺഗ്രസ് നിലപാടാണ് ഇവിടെ പ്രശ്‌നം. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല എന്ന് നേരത്തെ ഇരുവരും തീരുമാനിച്ചതാണ്. കോൺഗ്രസ് നിലപാടിലാണ് മാറ്റം.

ഈ സീറ്റുകൾ വിട്ടുനൽകാനാവില്ലെന്ന കർശന നിലപാടിലാണ് സി.പി.എം. പ്രശ്നം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചചെയ്യുന്നതിന് പി.സി.സി അധ്യക്ഷൻ സോമൻ മിത്ര ഡൽഹിയിൽ എത്തിയിട്ടുണ്ട്. സി.പി.എമ്മുമായി ഇക്കാര്യം സംസാരിക്കാമെന്ന് രാഹുൽ സമ്മതിച്ചതായി മിത്ര പറയുന്നു.

സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും ഇടയിൽ പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുന്ന കോൺഗ്രസിനും സി.പി.എമ്മിനും ഗുണകരമാണ് സഖ്യമെന്ന് നേതാക്കൾക്ക് നന്നായറിയാം. തർക്ക മണ്ഡലങ്ങളായ റായ്ഗഞ്ചും മുർഷിദാബാദും കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്.

നേരത്തെ ഇരുവരും സീറ്റുകൾ പങ്കിടാൻ തീരുമാനമായിരുന്നു. സംസ്ഥാന തലത്തിൽ തൃണമൂൽ കോൺഗ്രസിനെയും ദേശീയ തലത്തിൽ ബി.ജെ.പിയെയും നേരിടുകയാണ് ലക്ഷ്യം. നിലവിൽ കോൺഗ്രസിന് നാല് സീറ്റുകളും സി.പി.എമ്മിന് രണ്ട് സീറ്റുകളുമാണുള്ളത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കോൺഗ്രസിനൊപ്പം ചേർന്നെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. 295അംഗങ്ങളുള്ള നിയമസഭയിൽ കോൺഗ്രസിന് 44സീറ്റും സി.പി.എമ്മിന് 26സീറ്റകളുമാണ് ലഭിച്ചത്. ഇടതുപക്ഷത്തിന് ആകെ 32 സീറ്റുകളുമായിരുന്നു ലഭിച്ചത്. കോൺഗ്രസുമായുള്ള സഖ്യം തെറ്റായിപ്പോയെന്നാണ് അന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്.