വാസുകി - സർപ്പങ്ങളുടെ രാജാവ്. പ്രണയവും സ്വപ്നവും പോരാട്ടവും ഒരുപോലെ മനസിൽ സൂക്ഷിക്കുകയും കാത്തിരുന്ന് അവ കൈയെത്തി പിടിക്കുകയും ചെയ്യാൻ പോകുന്ന പെണ്ണിന് വീട്ടുകാർ അറിഞ്ഞിട്ട പേര്. ഭരതനാട്യം, വെസ്റ്റേൺ ഡാൻസ്, പെയിന്റിംഗ്..അങ്ങനെ എല്ലാത്തരം കൈയിലിരുപ്പുകളുമുണ്ട്. ബയോളജിയിൽ ഒന്നാംറാങ്ക് നേടി മെഡിസിൻ പഠിക്കാനെത്തി, ശേഷം സ്റ്റെതസ്കോപ്പ് താഴെവച്ച്, നാടിനെ സേവിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്ന സഹപാഠിയെ പങ്കാളിയായി ഒപ്പം ചേർത്തിരുന്നു വാസുകി. തിരുവനന്തപുരം ജില്ലാ കളക്ടറായി രണ്ടാംവർഷം പൂർത്തിയാക്കുന്ന ഡോ.കെ.വാസുകി വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളകൗമുദിയോട് സംസാരിച്ചു.
ഇത് വാസുകി 2.0
മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ഞാനും സിവിൽ സർവന്റായ ഞാനും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ചിന്താഗതിയിൽ മാത്രമല്ല, വ്യക്തിപരമായും ഒരുപാട് വ്യത്യാസങ്ങൾ വന്നുകഴിഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകളിൽ ഒക്കെ വലിയ മാറ്റമാണ് സംഭവിച്ചത്. കഴിഞ്ഞ പത്തുവർഷം ജീവിതത്തിലെ വലിയൊരു കാലഘട്ടമായിരുന്നു. പത്തുവർഷംമുമ്പുള്ള വാസുകിയിൽനിന്ന് ഞാൻ കുറേ വളർന്നുകഴിഞ്ഞു.
ഹോ.. ലേഡി ബോസോ..
പൊതുവേ സ്ത്രീകൾ ഏതെങ്കിലും അധികാരസ്ഥാനത്ത് എത്തുമ്പോൾ നേരിടേണ്ടിവരുന്ന എല്ലാത്തരം ബുദ്ധിമുട്ടും ഞാനനുഭവിച്ചിട്ടുണ്ട്. പൊതുവേ ആളുകൾക്ക് സ്ത്രീനേതാക്കളെ അംഗീകരിക്കാനും അവർ പറയുന്നത് കേൾക്കാനുമൊക്കെ ഒരു പ്രയാസമാണ്. സമൂഹം എത്രയൊക്കെ വളർന്നിട്ടും ആ കാര്യത്തിൽ വലിയ വ്യത്യാസമൊന്നും ഇപ്പോഴും വന്നിട്ടില്ല. എല്ലാവരും അങ്ങനെയാണെന്നല്ല. പക്ഷേ ഒരു വലിയവിഭാഗം ആളുകളും അങ്ങനെതന്നെയാണ്. സമൂഹത്തിന് നേതൃസ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകൾ പറയുന്നത് കേൾക്കാനൊക്കെ വലിയ വിമുഖതയാണ്. എന്റെ അനുഭവമാണത്.
സ്വയം കവചമുണ്ടാക്കണം
ശല്യംചെയ്യാൻ വന്നിട്ടുള്ള 30 പേരെയെങ്കിലും ചെന്നൈയിലും മറ്റുംവച്ച് ഞാൻ തല്ലിയിട്ടുണ്ട്. നമ്മൾ ഒരു അടി കൊടുക്കേണ്ട ആവശ്യമേയുള്ളൂ. ബാക്കി നാട്ടുകാർ കൊടുത്തോളും. പെൺകുട്ടികൾ സ്വയംസുരക്ഷ കുറേയൊക്കെ വശമാക്കി വയ്ക്കണമെന്നാണ് എന്റെ പക്ഷം. നമ്മുടെ നഗരങ്ങളിൽ ഇരുട്ടിനെ പേടിക്കാതെ ഇറങ്ങിനടക്കാൻ അവർക്ക് കഴിയണം.
ആ ഡയലോഗ് ഹൃദയത്തിൽനിന്ന്
പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളോട് പറഞ്ഞത് വൈറലാകുമെന്ന് കരുതിയില്ല. എല്ലാവർക്കും ഒരു നല്ലവശം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആളുകൾക്കുള്ളിലെ ആ നല്ലവശത്തെ പുറത്തേക്ക് കൊണ്ടുവരുന്നതാണ് നമ്മുടെ കർത്തവ്യം എന്നാണ് കരുതുന്നത്. പ്രളയത്തിന്റെ എല്ലാവശങ്ങളും നേരിട്ടുകണ്ട ആളെന്ന നിലയിൽ എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്രത്തുനിന്നാണ് ഞാൻ അവരോട് സംസാരിച്ചത്. പകുതി ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലുമൊക്കെയായി നിങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്ന് പറഞ്ഞത് അവർക്ക് നന്നായി മനസിലാകുകയും ചെയ്തു. അവരുടെ വികാരം എന്റേതായി ഉൾക്കൊണ്ടാണ് സംസാരിച്ചത്. ആ വൈറൽ ഡയലോഗിന് പിന്നിൽ എന്റെ ഹൃദയം ചേർത്തുവച്ചിരിക്കുകയായിരുന്നു.
പഴയസാരിയുടെ പിന്നിൽ
ഉപയോഗിച്ച് ഉപേക്ഷിച്ച, എന്നാൽ, വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ പുനരുപയോഗത്തിൽ കൊണ്ടുവരുന്ന ആശയം അത്ര പുതിയതൊന്നുമല്ല. പലയിടങ്ങളിലും പ്രായോഗികമായി വിജയിച്ച ഒരു പദ്ധതിയാണത്. നമ്മുടെ ഒരു തെറ്റായ ഉപഭോക്തൃ സംസ്കാരം കുറച്ചെങ്കിലും മാറ്റാം എന്നുള്ള ധാരണയായിരുന്നു ഞാൻ മുന്നോട്ട് വച്ച പഴയസാരിയെന്ന ആശയത്തിന് പിന്നിൽ. ശുചിത്വമിഷൻ ഡയറക്ടറായിരുന്നപ്പോൾ തന്നെ അതിന്റെ ആദ്യഘട്ടങ്ങൾ ചെയ്തിരുന്നതുമാണ്. ഈയടുത്താണ് അത് വീണ്ടും പൊടിതട്ടിയെടുത്തത്. ഇതിനുമുമ്പും എന്റെ കുട്ടികൾക്കുവേണ്ടി ഞാൻ ഇത്തരം പഴയ വസ്ത്രങ്ങൾ വാങ്ങിയിരുന്നു. അവരതിപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.
അവിടെയും വിവാദം
സോഷ്യൽമീഡിയ ചെറുതായിട്ടൊക്കെ ഉപയോഗിക്കാറുണ്ട്. പഴയ സാരി ധരിച്ചെത്തിയതിന് പിന്നിലെ വിവാദം കുറച്ചൊക്കെ കേട്ടിരുന്നു. പക്ഷേ, എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. അതിനെയൊരു നല്ല കാര്യമായി എടുത്താൽ പോരെ. ഒരു പുതിയ സാധനം ഉപയോഗിക്കുന്നത് പലപ്പോഴും സ്റ്റാറ്റസിന്റെ പ്രശ്നമായാണ് പലരും കാണുന്നത്. അത് ശരിക്കും ഉപഭോക്തൃ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടായിവന്ന ഒരു മാർക്കറ്റിംഗ് സ്ട്രാറ്റജിയാണ്. അതിന്റെയൊരു റിവേഴ്സ് മാർക്കറ്റിംഗാണ് ഞാൻ ഉദ്ദേശിച്ചത്. ചർച്ചയായതിൽ സന്തോഷം.
മസൂറിയിൽ നട്ടു, ഇവിടെ നനയ്ക്കുന്നു
എല്ലാത്തരം വ്യക്തിവികാസങ്ങളുടെയും അടിസ്ഥാനം ഐ.എ.എസ് നേടി മസൂറിയിൽ ട്രെയിനിംഗിന് ചേർന്ന കാലമായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരാണ് അവിടെ കൂടുതലായും ക്ലാസുകളെടുക്കാനും ഞങ്ങളുമായി സംസാരിക്കാനുമൊക്കെ വന്നിരുന്നത്. അവരുടെ അനുഭവങ്ങൾ, പരിചയങ്ങൾ, പരാജയങ്ങൾ ഒക്കെ ഞങ്ങൾക്ക് പുതിയ പാഠങ്ങളായിരുന്നു.
അച്ഛന്റെ കർമ്മങ്ങൾ ചെയ്തത്
അതൊരു വലിയ ചർച്ചയാകും എന്നുകരുതി ചെയ്തതൊന്നുമല്ല. അച്ഛൻ 10-12 വർഷമായി സുഖമില്ലാതെ കിടക്കുകയായിരുന്നു. ഞാനും ചേച്ചിയുമൊക്കെയാണ് അച്ഛനെ ഇക്കാലമത്രയും നോക്കിയത്. ഇത്രയുംനാൾ നോക്കാമെങ്കിൽ ഇപ്പോൾ എന്തുകൊണ്ട് കർമ്മങ്ങൾ ഞങ്ങൾക്കു ചെയ്തുകൂടായെന്ന തോന്നലിൽ നിന്നാണ് ഞാനും ചേച്ചിയും ചേർന്ന് അത് ചെയ്തത്. അത് തികച്ചും വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു.
കാർത്തികേയനാണ് തൂൺ
കാർത്തികേയനും ഞാനും തമ്മിലുള്ള പ്രണയവും വിവാഹവും ഒന്നിച്ചുള്ള സിവിൽ സർവീസ് തയാറെടുപ്പുമൊക്കെ ഒരുകാലത്ത് വലിയ വാർത്തകളായിരുന്നു. അന്നും ഇന്നും ഇനിയെന്നും അദ്ദേഹം തന്നെയാണ് എന്റെ തൂൺ. അദ്ദേഹമിവിടെ ഈ നഗരത്തിൽ സബ് കളക്ടറായിരുന്നു മുമ്പ്. ആ അനുഭവങ്ങൾ എന്നെയിപ്പോൾ സഹായിക്കുന്നുണ്ട്. എന്റെ ഓരോ വിജയങ്ങളും എന്നേക്കാളേറെ അദ്ദേഹത്തെയാണ് സന്തോഷിപ്പിക്കുന്നത്.
(തിരുവനന്തപുരത്തിന്റെ 42-ാമത് കളക്ടറാണ് ഡോ.വാസുകി. ഭർത്താവ് കാർത്തികേയൻ കൊല്ലം ജില്ലാ കളക്ടറാണ്. മക്കൾ സയൂരിയും സമരനും. സയൂരിയെന്നാൽ ജാപ്പനീസ് ഭാഷയിൽ ലില്ലിപ്പൂ. സമരനെന്നാൽ, തമിഴിൽ പോരാളി. )