വടകര: ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കൈവിട്ട മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വടകരയായിരുന്നു. കരുത്തുറ്റ സ്ഥാനാർത്ഥികളെ രണ്ട് തവണ മത്സരിപ്പിച്ചിട്ടും വിജയക്കൊടി പാറിക്കാനാവാത്ത എൽ.ഡി.എഫിന് ഇത്തവണ സീറ്റ് കൈവരിക്കുകയല്ലാതെ മറ്റൊന്നും ലക്ഷ്യമില്ല. സി.പി.എമ്മിന്റെ കണ്ണൂരിലെ കരുത്തനായ ജില്ലാ സെക്രട്ടറി പി.ജയരാജനെ മത്സരരംഗത്തേക്ക് കൊണ്ടു വരുന്നതും ഇതിന് വേണ്ടിയാണെന്ന് പറയാം. എന്നാൽ സി.പി.എമ്മുമായി ഇടഞ്ഞു നിൽക്കുന്ന ആർ.എം.പിയുടെ കെ.കെ രമയ്ക്ക് കോൺഗ്രസ് പിന്തുണ നൽകുകയാണെങ്കിൽ സി.പി.എം മത്സരത്തിൽ വിയർത്തേക്കും. സി.പി.എമ്മിന്റെ നീക്കത്തിനെതിരേ ചില അടവു നയങ്ങൾ സ്വീകരിക്കാൻ മടിക്കില്ലെന്ന നിലപാടിലാണ് ആർ.എം.പിയുമെന്നാണ് സൂചന.
ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന വടകരയെ കോൺഗ്രസ് 2009ൽ പിടിച്ചെടുത്തത് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയായിരുന്നു. പിന്നീട് 2014ലും ആ സീറ്റ് നിലനിർത്താനായി. എന്നാൽ നിലവിലെ സി.പി.എമ്മിന്റെ വെല്ലുവിളിക്ക് കരുത്തുപകരാൻ ഇത്തവണ ആർ.എം.പിയുടെ കെ.കെ രമയ്ക്ക് പിന്തുണ നൽകാനുള്ള ആലോചന കോൺഗ്രസിന്റെ പക്ഷത്ത് സജീവമാണ്. വടകരയിൽ ആർ.എം.പി കെ.കെ രമ, കുമാരൻ കുട്ടി എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. നേതൃയോഗം ചേർന്ന് ഉടൻ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുമെന്നുമാണ് റിപ്പോർട്ട്.
മണ്ഡലത്തിൽ തങ്ങൾക്ക് 50,000 വോട്ടുകൾ ഉണ്ടെന്നാണ് ആർ.എം.പി അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം നടന്ന ഒഞ്ചിയം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലടക്കം ഭരണം നിലനിർത്താൻ ആർ.എം.പിക്ക് കഴിഞ്ഞിരുന്നു. ആർ.എം.പിയെ മണ്ഡലത്തിൽ സഹകരിപ്പിക്കണമെന്ന് തന്നെയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരുടെ താൽപര്യമെന്നും സൂചനയുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തിലാണ് പി.ജയരാജനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് മേഖലയിൽ പി.ജയരാജനുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം എതിർ സ്ഥാനത്ത പി.ജയരാജനാണെങ്കിൽ ആർ.എം.പി രാഷ്ട്രീയ തന്ത്രങ്ങളിൽ മാറ്റം വരുത്തും. സി.പി.എമ്മിനെയും ബി.ജെ.പിയെയും മണ്ഡലത്തിൽ എതിർക്കുന്ന ആർ.എം.പിയുടെ ഒഞ്ചിയത്തെ സ്വാധീനം മനസ്സിലാക്കിയ കോൺഗ്രസ് അവരുമായി സഹകരിക്കാൻ ആലോചിച്ചിട്ടുമുണ്ട്. എതിർവശത്ത് പി.ജയരാജനെ പോലെ കരുത്തനായ ഒരു സ്ഥാനാർത്ഥി ആണെങ്കിൽ അത്രയും ശക്തനായ ഒരു സ്ഥാനാർത്ഥിയെ തന്നെ കോൺഗ്രസിനും നിർത്തേണ്ടി വരും. ഇടതുകോട്ടയായ വടകരയിൽ 2009 ൽ പി. സതീദേവിയെയും രണ്ടാംവട്ടം മത്സരിച്ചപ്പോൾ എ എൻ ഷംസീറിനെയും തോൽപ്പിച്ച മുല്ലപ്പള്ളിയാകട്ടെ ഇത്തവണ മത്സരത്തിനില്ല എന്ന നിലപാടും എടുത്തിരിക്കുകയാണ്. മുല്ലപ്പള്ളിക്ക് പകരം വടകരയ്ക്ക് അനിയോജ്യനായ ഒരു ജനകീയ സ്ഥാനാർത്ഥിയെ കണ്ടു പിടിക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് വെല്ലിവിളി ഉയർത്തുന്നതാണ്.