മാഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് രാഷ്ട്രീയം പിൻപറ്റി പുതുച്ചേരിയിൽ സി.പി.എം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾ ഡി.എം.കെ സഖ്യത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കെ മാഹിയിലെ സി.പി.എം പ്രതിരോധത്തിലായി. കേരള രാഷ്ട്രീയത്തെ അനുഗമിക്കുന്ന പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ കോൺഗ്രസുമായി കൈകോർക്കാൻ സി.പി.എമ്മിന് കഴിയാത്ത സ്ഥിതിയാണ്.
സി.പി.എം ഏത് സംസ്ഥാനത്തും കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറായാലും കേരളത്തിൽ അതിന് സാധിക്കില്ല. ഇതേസ്ഥിതിയാണ് മാഹിയിലും. തമിഴ്നാട്ടിൽ ഡി.എം.കെ- കോൺഗ്രസ് സഖ്യത്തിൽ ചേരുന്ന സി.പി.എം അവിടെ രണ്ട് സീറ്റിൽ മത്സരിക്കാൻ ധാരണയായിട്ടുണ്ട്. പുതുച്ചേരി ഉൾപ്പെടെ പത്ത് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായ ഡോ.വി.രാമചന്ദ്രൻ കോൺഗ്രസിനെ തോല്പിച്ച് മാഹിയിൽ വിജയിച്ചിരുന്നു.
1999ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് മുന്നണിയിലായിരുന്നു സി.പി.എം. കേരളത്തിലേതു പോലെ കോൺഗ്രസുമായി നേർക്കുനേർ പോരാടുന്ന മാഹിയിലെ സി.പി.എം, രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു. എം.ഒ.എച്ച് ഫാറൂഖ് വിജയിച്ച തിരഞ്ഞെടുപ്പിൽ സി.പി.എം നിർത്തിയ സ്വതന്ത്രൻ ടി. അശോക് കുമാറിന് 5179 വോട്ടുകൾ ലഭിച്ചു.
ആറ് സ്വതന്ത്രരിൽ മൂന്നാമതായിരുന്നു അശോക് കുമാർ. ഇത്തവണയും 1999ലെ രാഷ്ട്രീയ അടവ് നയം സ്വീകരിക്കേണ്ട അവസ്ഥയിലാണ് മാഹിയിലെ സി.പി.എം എന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെങ്കിലും കോൺഗ്രസിന് അനുവദിക്കപ്പെട്ട പുതുച്ചേരി ലോക്സഭാ സീറ്റിൽ പി.സി.സി അദ്ധ്യക്ഷൻ എ. നമശിവായം, സ്പീക്കർ വി. വൈദ്യലിംഗം, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. ജോൺ കുമാർ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. പി. ചിദംബരം പോലുള്ള ദേശീയ നേതാക്കളുടെ പേരും ആലോചനയിലുണ്ട്.
എ.ഐ.എ.ഡി.എം.കെ, എൻ.ആർ കോൺഗ്രസ്, ബി.ജെ.പി, പട്ടാളി മക്കൾകക്ഷി എന്നിവയുൾപ്പെട്ട മുന്നണിയുടെ സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.പി. ആർ.രാധാകൃഷ്ണന് ഇത്തവണ സാദ്ധ്യതയില്ല. പകരം പുതുച്ചേരിയിൽ മെഡിക്കൽ കോളേജ് ഉൾപ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ നാരായണ സ്വാമിക്കാണ് മുൻഗണന എന്നറിയുന്നു.