പത്തനംതിട്ട: വീണാ ജോർജിന്റെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിന്റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരത്തേക്ക് തിരഞ്ഞെടുത്തവരെ ഡൽഹിയിലേക്ക് അയക്കാൻ നീക്കം നടത്തുന്നത്.
ഒരിക്കൽ ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എപ്പോഴും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മോദി വിരോധം കാരണം കേരളത്തിലെ കോൺഗ്രസ്, സി.പി.എം നേതാക്കൾ ഇമ്രാൻ ഖാൻ ആരാധകരായിരിക്കുകയാണ്.
സയാമീസ് ഇരട്ടകളെ പോലെയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് തയ്യാറായ സി.പി.എം കേരളത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണക്കണമെന്നും സുരേന്ദ്രൻ നേരെത്തെ വിമർശിച്ചിരുന്നു.
അതേസമയം കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പിയിൽ ഒരു വിഭാഗം മുൻകൈ എടുക്കുന്നുണ്ട്. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.