കോട്ടയം: പരീക്ഷ നടത്തിപ്പ്, ഫലംപ്രഖ്യാപിക്കൽ, സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ നിയമനം എന്നിവയടക്കമുള്ള നടപടികൾ എല്ലാ സർവകലാശാലകളിലും ഏകീകൃതമായി നടപ്പാക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്‌സ് അവാർഡ് മഹാത്മാഗാന്ധി സർവകലാശാലയ്ക്കും എമർജിംഗ് യംഗ് സർവകലാശാലയ്ക്കുള്ള അവാർഡ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയ്ക്കും സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈസ്ചാൻസലർമാരുടെ കാലാവധി പോലും വ്യത്യസ്തമാണ്. പരീക്ഷയിലും ഫലപ്രഖ്യാപനത്തിലും നിയമനത്തിലും ഏകീകൃത രീതി നടപ്പാക്കിയാൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിക്കും.
മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ചു കോടി രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് ചാൻസലേഴ്‌സ് അവാർഡ്. മഹാത്മാഗാന്ധി സർവകലാശാലയ്ക്കുവേണ്ടി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. ഒരു കോടി രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് എമർജിംഗ് യംഗ് സർവകലാശാല അവാർഡ്.