terrorist-attack-at-jammu

ശ്രീനഗർ: ജമ്മു നഗര മദ്ധ്യത്തിലെ തിരക്കേറിയ ബസ്‌ സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോ‌ടെ ഹിസ്ബുൾ മുജാഹിദീൻ ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഹരിദ്വാർ സ്വദേശിയായ മുഹമ്മദ് ഷരീക് എന്ന പതിനേഴുകാരനാണ് മരിച്ചത്. അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11.30 ഓടെയാണ് ആക്രമണം നടത്ത്. ഗ്രനേഡ് എറിഞ്ഞ യാസിർ ജാവീദ് ഭട്ട് എന്ന ഹിസ്ബുൾ ഭീകരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുൽഗാമിൽ നിന്ന് ജമ്മുവിലെത്തിയ ഇയാൾ ബസ് സ്റ്റാൻഡിലേ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സി. സി. ടി. വി ദൃശ്യങ്ങളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് വ്യാപകമായി നടത്തിയ തിരച്ചിലിൽ നഗരപരിധിയിലെ ഒരു ടോൾ പ്ലാസയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഹിസ്ബുൾ ഭീകരഗ്രൂപ്പിന്റെ കുൽഗാം ജില്ലാ കമാൻഡർ ഫറൂഖ് അഹമ്മദ് ഭട്ടാണ് ഗ്രനേഡ് തന്ന് ദൗത്യം ഏൽപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഈ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ വർഷം മേയ് മാസത്തിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്. നഗരത്തിലെ സമാധാനവും സമുദായ സൗഹാർദ്ദവും തകർക്കാനുള്ള ശ്രമമാണ് തുടർച്ചയായ ഭീകരാക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സ്റ്രാൻഡിൽ നിറുത്തിയിട്ട ബസിനടിയിലാണ് ഗ്രനേഡ് വീണത്. ബസിന്റെ ടയർ പൊട്ടിയതാണെന്നാണ് ആദ്യം കരുതിയത്. പൂർണമായി തകർന്ന ബസിൽ യാത്രക്കാരുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സ്ഫോടനത്തിൽ പരിഭ്രാന്തരായ ജനങ്ങൾ പരക്കം പാഞ്ഞു.

പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിക്കേറ്റവർ കാശ്മീർ, ബീഹാർ, ചത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരുടെ ജീവനെടുത്ത ജയ്ഷെ ഭീകരാക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് കാശ്മീരിൽ വീണ്ടും ഭീകരാക്രമണം നടന്നത്.