പ്രേക്ഷക പ്രശംസ നേടിയ ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിൽ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് താരം. ഫഹദ് ഫാസിലാണ് അമ്പിളിയുടെ ആദ്യ ലുക്ക് ഫേസ്ബുക്ക് വഴി പുറത്ത് വിട്ടത്. നടി നസ്രിയയുടെ സഹോദരൻ നവീൻ നസീമിന്റെ അരങ്ങേറ്റചിത്രം കൂടിയാണ് അമ്പിളി. പുതുമുഖം തൻവി റാം ആണ് ചിത്രത്തിലെ നായിക.
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരൺ വേലായുധനാണ് അമ്പിളിയുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീത സംവിധായകൻ. വിനായക് ശശികുമാറിന്റേതാണ് വരികൾ. എഡിറ്റിംഗ് കിരൺദാസ്. വിനേഷ് ബംഗ്ലാൻ കലാസംവിധാനവും മഷാർ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആർ. ജി. വയനാടൻ മേക്കപ്പും നിർവഹിക്കുന്നു.
ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ജൂലായിൽ തിയേറ്ററുകളിലെത്തും.