ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള 121 പേരെ അറസ്റ്റു ചെയ്തെന്നും 182 ഇസ്ലാമിക മതപാഠശാലകളുടെ നിയന്ത്രണം ഏറ്റെടുത്തതായും പാക് സർക്കാർ അറിയിച്ചു. ഭീകരർക്ക് സൗകര്യമൊരുക്കുന്നതിന്റെ പേരിൽ ആഗോള തലത്തിൽ പാകിസ്ഥാന് സമ്മർദ്ദം ഏറിവരുന്നതിനിടെയാണ് നടപടി. എന്നാൽ ദീർഘനാളായുള്ള പാകിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്നും ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്നല്ലെന്നും പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
182 മദ്രസകളുടെ നിയന്ത്രണം പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തതായാണ് പാക് ആഭ്യന്തരമന്ത്രാലത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. ഭീകരബന്ധമുള്ള 121 പേരെ നിവാരണത്തടങ്കലിൽ വച്ചതായും പ്രസ്താവനയിൽ പറയുന്നു. നിരോധിത സംഘടനകളുടെ നേതൃത്വത്തിലുള്ള 34 സ്കൂളുകൾ, 163 ഡിസ്പെൻസറികൾ, 184 ആംബുലൻസുകൾ, അഞ്ച് ആശുപത്രികൾ, എട്ട് ഓഫീസുകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.
ജമ്മാത്തുദ്ദവ, ജയ്ഷെ മുഹമ്മദ് തുടങ്ങി. ഭീകരസംഘടനകളുടെ നേതൃത്വത്തിൽ മുന്നൂറോളം മദ്രസകളാണ് പാകിസ്ഥാനിൽ പ്രവർത്തിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ജയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മദ്രസകളുടെ നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്ഥാൻ പറഞ്ഞിരുന്നു.