ലക്നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം ഉറപ്പാക്കാൻ പുതിയ, അഥവാ പഴയ തന്ത്രം പുറത്തെടുത്ത് ബി.ജെ.പി ഉത്തർപ്രദേശ് ഘടകം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017ൽ നടന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയം ഉറപ്പാക്കിയതെന്ന് വിശ്വസിക്കുന്ന ആ 'കസേര' വീണ്ടും രംഗത്തിറക്കാൻ ഒരുങ്ങുകയാണ് നേതാക്കൾ.
2013 ഒക്ടോബർ 13ന് വിജയ് ശംഖനാഥ് റാലിക്കെത്തിയപ്പോഴാണ് നരേന്ദ്രമോദി ഈ കസേര ആദ്യം ഉപയോഗിച്ചത്. 2014ൽ മറ്റൊരു റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴും അദ്ദേഹം ഈ കസേര ഉപയോഗിച്ചുവത്രേ. അതിനുശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയായതെന്നാണ് കാൺപൂരിലെ ബി.ജെ.പി നേതാക്കൾ കരുതുന്നത്.
2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി ഈ കസേരയിൽ ഇരുന്നു. ആ തിരഞ്ഞെടുപ്പിലും ബി.ജെ.പി വൻവിജയം നേടി. ഇതോടെ കസേരയുടെ പ്രത്യേകത മനസിലാക്കിയ നേതാക്കൾ കസേര എത്തിച്ച വ്യക്തിയിൽ നിന്ന് അത് വാങ്ങി. ബി.ജെ.പി ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ് ഈ കസേരയെന്ന് പി.ടി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു.
ഭാഗ്യക്കസേരയിൽ പ്രധാനമന്ത്രി മോദിയെ നാലാം തവണയും ഇരുത്താനാണ് പ്രാദേശിക നേതാക്കളുടെ നീക്കം.