body

കൽപ്പറ്റ: വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോർട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് കുടുംബത്തിലെ സി.പി. ജലീൽ. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്റെ സഹോദരനാണ് നാൽപ്പത്തൊന്നുകാരനായ ജലീൽ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

വെടിവയ്പിൽ മറ്റൊരാൾക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തിയിട്ടില്ല.

മാവോയിസ്റ്റ് ഗ്രൂപ്പിന്റെ കബനീദളം അംഗവും പീപ്പിൾസ് ലിബറേഷൻ ഒഫ് ഗറില്ലാ വിഭാഗത്തിന്റെ ഡോക്യുമെന്റ് വിദഗ്ദ്ധനുമാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീലെന്ന് പൊലീസ് പറഞ്ഞു.

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടവർക്കായി കാട്ടിൽ തെരച്ചിൽ തുടരുകയാണ്. കർണാടക പൊലീസ് കർണാടകയുടെ ഭാഗത്തെ കാടുകളിലും തെരച്ചിൽ നടത്തുന്നുണ്ട്.

ദേശീയ പാതയ്ക്ക് സമീപം ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ രാവിലെ നാലര വരെ നീണ്ടുനിന്നതായി പൊലീസ് പറഞ്ഞു. പൊലീസ് വെടിവച്ചപ്പോൾ മാവോയിസ്റ്റുകൾ വനത്തിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് ജലീലിന്റെ പിൻഭാഗത്ത് വെടികൊണ്ടത്. തലയുടെ പിൻഭാഗത്തുനിന്ന് വെടിയുണ്ട തലയോട്ടിയിലൂടെ കണ്ണിന്റെ സമീപത്തുകൂടി പുറത്തേക്ക് പോയി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. തെരച്ചിൽ നടത്താൻ പൊലീസ് ശ്രമിച്ചെങ്കിലും വനത്തിൽ വെടിയൊച്ച കേട്ടതിനെ തുടർന്ന് നിറുത്തിവയ്ക്കേണ്ടിവന്നു.

റിസോർട്ടിൽ എത്തിയവർ പത്ത് പേർക്കുള്ള ഭക്ഷണം ആവശ്യപ്പെട്ടിരുന്നതിനാൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. രണ്ടു പേർ റിസോർട്ടിന്റെ ഉള്ളിൽ കടക്കുന്നതും പണം വാങ്ങുന്നതും സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്.

ജലീലിന്റെ മറ്റ് സഹോദരങ്ങൾ
സി.പി. ജലീലിന്റെ മറ്റ് സഹോദരങ്ങളായ സി.പി. റഷീദ്, സി.പി. ഇസ്മായിൽ എന്നിവരും സമാന ആശയത്തിന്റെ വക്താക്കളാണ്. ഇളയ സഹോദരൻ സി.പി. ജിഷാദ് വിദ്യാർത്ഥി വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ്. മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി വീട്ടിൽ പരേതനായ ഹംസയുടെയും അലീമയുടെയും ഒമ്പത് മക്കളിൽ ആറാമനാണ് ജലീൽ. 2016നുശേഷം ജലീൽ വീട്ടിൽ വന്നിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.