ലക്‌നൗ: ജമ്മുകാശ്മീരിലെ കുൽഗാമിൽ നിന്നുള്ള യുവാക്കളെ ആക്രമിച്ച നാലുപേരെ അറസ്റ്റുചെയ്തു. ലക്നൗവിലെ റോഡരികിൽ പഴങ്ങൾ വിൽക്കുകയായിരുന്ന രണ്ട് യുവാക്കളെയാണ് ഹിന്ദുസംഘടനാംഗങ്ങളായ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദ്ദിച്ചത്. യുവാക്കളെ ഇവർ വടികൊണ്ടും കൈകൊണ്ടും മർദ്ദിക്കുന്നതിന്റെയും കാശ്മീർ വിരുദ്ധ പരാമർശങ്ങളും അശ്ലീല വർഷവും നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷിച്ച നാട്ടുകാർക്ക് യുവാക്കൾ നന്ദി പറയുന്നതും വീഡിയോയിലുണ്ട്.
വിശ്വ ഹിന്ദു ദൾ ട്രസ്റ്ര് പ്രവർത്തകരായ ബജ്‌റംഗ് ശങ്കർ, ഹിമാൻഷു ഗാർഗ്, അനിരുദ്ധ് കുമാർ, അമർ മിശ്ര എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതി ബജ്‌റംഗ് ശങ്കറിന്റെ പേരിൽ കൊലക്കുറ്റം അടക്കം പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലക്‌നൗവിലെ തിരക്കേറിയ ദലിഗഞ്ജ് ബ്രിഡ്‌ജ് മാർക്കറ്റിലാണ് സംഭവം നടന്നത്. കാവി വസ്ത്രം ധരിച്ചെത്തിയ സംഘം വഴിയരികിൽ പഴങ്ങൾ വിൽക്കുകയായിരുന്ന നാല് യുവാക്കളോട് ആധാർ കാർഡ് കാണിക്കാനാവശ്യപ്പെടുകയായിരുന്നു. ഇവർ കാശ്മീരികളാണെന്ന് മനസിലാക്കിയതോടെ പ്രകോപനമേതുമില്ലാതെ മർദ്ദിക്കുകയായിരുന്നു. രണ്ടുപേർ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. ചുറ്റുംകൂടിനിന്ന നാട്ടുകാരാണ് ഇവരുടെ രക്ഷയ്ക്കെത്തിയത്.