കല്പറ്റ: മലബാറിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിൽ പൊലീസ് നടത്തുന്ന ഓപ്പറേഷൻ അനാക്കോണ്ട എന്ന മാവോയിസ്റ്റ് വിരുദ്ധ നടപടി തുടരുമെന്ന് കണ്ണൂർ റെയ്ഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ മാദ്ധ്യമങ്ങളോട് പറഞ്ഞു. വെടിവയ്പിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നിൽ ഓപ്പറേഷൻ അനാക്കോണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷമായി വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാവോയിസ്റ്റ് വിരുദ്ധ നടപടി തുടങ്ങിയിരുന്നു. ഡിസംബറിലാണ് ഓപ്പറേഷൻ അനാക്കോണ്ട ആരംഭിച്ചത്. നിർബന്ധ പണപ്പിരിവിനായെത്തിയ മാവോയിസ്റ്റുകളോട് പൊലീസ് കീഴടങ്ങാൻ പറഞ്ഞിട്ടും അവർ വെടിയുതിർത്തു. ആത്മരക്ഷാർത്ഥം പൊലീസ് തിരികെ വെടിവച്ചപ്പോഴാണ് സി.പി. ജലീൽ കൊല്ലപ്പെട്ടത്.
പട്ടികജാതി പട്ടിക വർഗക്കാർ ഉൾപ്പെടുന്ന പൊതു ജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. കോളനികളിൽ വന്ന് അരിയും ഭക്ഷണ സാധനങ്ങളും പണവും ആവശ്യപ്പെടുന്ന പതിവ് ഉണ്ടെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസും തണ്ടർബോൾട്ടും ആന്റി നക്സൽ സ്‌ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത്.