കൽപ്പറ്റ: നിലമ്പൂർ പടുക്കവനത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ട് രണ്ടു വർഷം കഴിയുമ്പോഴാണ് വീണ്ടും ഒരു മാവോയിസ്റ്റുകൂടി കൊല്ലപ്പെട്ടത്. പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന് സമീപം 2016 നവംബർ 24 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പുസ്വാമി എന്ന ദേവരാജും അജിതയും പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.
2013 ഫെബ്രുവരിയിലാണ് നിലമ്പൂർ വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ആദ്യമായി കണ്ടത്. തുടർന്ന് പലപ്പോഴായി മാവോയിസ്റ്റുകൾ ഈ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
പൊലീസ് ഏകപക്ഷീയമായി വെടിവയ്ക്കുകയായിരുന്നുവെന്ന് അന്ന് ആരോപണം ഉയർന്നു. മനുഷ്യാവകാശ സംഘടനകളും ഇക്കാര്യം ഉന്നയിച്ചു. തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
പൊലീസിനെതിരെ മാവോയിസ്റ്റുകൾ എ.കെ 47 ഉപയോഗിച്ചതായി പൊലീസ് പറഞ്ഞിരുന്നു.
കോഴിക്കോട്-ഊട്ടി റോഡിൽ കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. വനത്തിനുള്ളിൽ 11 പേരടങ്ങുന്ന മാവോ സംഘവും പൊലീസും ഏറ്റുമുട്ടുകയായിരുന്നു.
എൻജിനിയറിംഗ് ബിരുദധാരിയും തമിഴ്‌നാട്ടിലെ കൃഷ്ണഗിരി സ്വദേശിയുമായ കുപ്പുദേവരാജ് ബംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്.
പാർട്ടിയുടെ പശ്ചിമഘട്ട സെക്രട്ടറി ചുമതലയുണ്ടായിരുന്ന കുപ്പുസ്വാമി നിലമ്പൂർ കാട്ടിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ചെന്നൈയിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയിരുന്ന അജിത മാവോയിസത്തിൽ ആകൃഷ്ടയായി കർണാടക വനമേഖലയിൽ തീവ്രവാദ പ്രവർത്തകയായി.
സി.പി.ഐ നേതാക്കൾ ഉൾപ്പെടെ പൊലീസ് നടപടിയെ അന്ന് എതിർത്തത് സർക്കാരിന് തലവേദനയായിരുന്നു.