യു.എൻ : മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദിനെ ആഗോള ഭീകരരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ഐക്യരാഷ്ട്ര സഭ തള്ളി. ഹാഫീസ് സയീദുമായി അഭിമുഖം നടത്താനുള്ള യു.എൻ സംഘത്തിന് പാകിസ്ഥാൻ വിസ നിഷേധിച്ചതിന് പിന്നാലെയാണ് മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ തള്ളിയത്.
ജമാത്ത് ഉദ്ധവ സ്ഥാപകനും ലഷ്‌കർ ഇ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ മുംബയ് ഭീകരാക്രമണത്തിന് ശേഷമാണ് യു.എൻ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദാണെന്ന് ഇന്ത്യ തെളിവ് സഹിതം ബോദ്ധ്യപ്പെടുത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ തന്നെയും തന്റെ സംഘടനകളെയും ഭീകരരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഫിസ് സയീദ് രക്ഷാസമിതിക്ക് അപേക്ഷ നൽകുകയായിരുന്നു.
യു.എൻ സംഘം അദ്ദേഹവുമായി അഭിമുഖം നടത്താൻ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. ഹാഫിസ് സയീദുമായി അഭിമുഖം നടത്താനുള്ള യു.എന്‍. സംഘത്തിന് പാകിസ്താന്‍ വിസ നിഷേധിച്ചതാണ് ഈ നടപടിക്ക് തിരിച്ചടിയായത്. ഇതിനുപിന്നാലെയാണ് ഹാഫിസ് സയീദിന്റെ അപേക്ഷ യു.എൻ തള്ളിയത്.
അതേസമയം, ഹാഫിസ് സയീദിനെ കാണാനുള്ള യുഎൻ സംഘത്തിന് പാക്കിസ്ഥാൻ തടയിട്ടത് രഹസ്യങ്ങൾ വെളിപ്പെടുന്നത് തടയിടാനാണെന്നാണ് സൂചന. അഭിമുഖത്തിനിടെ ഹാഫിസ് സയീദ് പാക്കിസ്ഥാൻ സർക്കാരിൽ നിന്ന് ഇയാളുടെ സംഘടനകൾക്കു ലഭിക്കുന്ന ഫണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയാൽ പാക്കിസ്ഥാന് ഇത് ആഗോളരംഗത്ത് തിരിച്ചടിയാകുമെന്നത് ഭയന്നാണ് വിസ നിഷേധിച്ചതെന്നാണ് വിലയിരുത്തൽ.