news

1. ജമ്മു കാശ്മീരിലെ ബസ് സ്റ്റാറ്റിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണം എന്ന് സ്ഥിരീകരണം. സ്‌ഫോടനത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന് ജമ്മു ഐ.ജി. ഇന്ന് ഉച്ചയോടെ ആണ് ജമ്മു കാശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു.

2. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുല്‍ഗാം സ്വദേശി അര്‍ഹാനാണ് പൊലീസ് പിടിയിലായത്. ബസ് സറ്റാന്‍ഡിന് അകത്ത് വച്ച് ഒരു ബസിന്റെ അടിയില്‍ ഉണ്ടായിരുന്നു ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രദേശം പൊലീസ് വലയത്തിലാണ്.

3. ലോക്സഭ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സി.പി.എമ്മില്‍ ധാരണയായി. പൊന്നാനി മണ്ഡലം ഒഴികെ ഉള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. പൊന്നാനിയില്‍ പി,വി അന്‍വര്‍ എംഎ.എയെ ഒഴിവാക്കി പുതിയ പട്ടിക നല്‍കാന്‍ ലോക്സഭ മണ്ഡലം കമ്മിറ്റിക്ക് നിര്‍ദ്ദേശം. ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിക്കും. തീരുമാനം, സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന്.

4. കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയാകും. വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരജാന്‍ സ്ഥാനാര്‍ത്ഥിയാകും. കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ തന്നെ മത്സരിക്കും. കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍, പത്തനംതിട്ടയില്‍ വീണ ജോര്‍ജ്, ആലപ്പുഴയില്‍ എ.എം ആരിഫ്, എറണാകുളത്ത് പി.രാജീവ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍ എന്നിവര്‍ ജനവിധി തേടും.

5. പൊളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോടെ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് പൊന്നാനിയിലേക്ക് ഉള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. പി.വി അന്‍വറിനെ ഒഴിവാക്കിയതോടെ മത്സരത്തിന് ഇറങ്ങുന്ന നിയമസഭ സമാജികരുടെ എണ്ണം മൂന്നായി. പി.കരുണാകരന്‍ ഒഴികെയുള്ള സിറ്റിംഗ് എം.പിമാര്‍ എല്ലാം ഇക്കുറിയും പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്

6. വയനാട്ടില്‍ വൈത്തിരിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്നത് ഓപ്പറേഷന്‍ അനാക്കോണ്ട എന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ. മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടി തുടരും. ആത്മരക്ഷാര്‍ത്ഥമാണ് പൊലീസ് വെടിയുതിര്‍തത്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകളാണ് ആദ്യം വെടി ഉതിര്‍ത്തത്. ആയുധധാരികളായ 18 പേരാണ് റിസോര്‍ട്ടില്‍ എത്തിയത്

7. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് പരിക്കില്ലെന്നനും ഐ.ജി. രക്ഷപ്പെട്ടവര്‍ക്കായി പൊലീസ് വനത്തിന് ഉള്ളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ജലീലിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് സഹോദരങ്ങള്‍ രംഗത്ത്. ജലീലിനെ പൊലീസ് പിടിച്ചു കൊണ്ടു പോയി കൊലപ്പെടുത്തിയതായി സംശയമുണ്ട്.

8. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടര്‍ക്കും എസ്.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരങ്ങള്‍. ഇന്നലെ രാത്രി എട്ടരയോടെ ആണ് ദേശീയ പാതയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെ വരെ നീണ്ടു നിന്ന് ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത്. പൊലീസിന് പുറമെ തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു.

9. കൊല്ലം തേവലക്കരയില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ചവറ സി.ഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.ടി.ഐ വിദ്യാര്‍ത്ഥി രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനിയാണ് സരസന്‍ പിള്ള.ഇയാള്‍ക്ക് എതിരെ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളും സംഭവത്തിലെ ദൃക്സാക്ഷികളും മൊഴി നല്‍കിയിരുന്നു.

10. കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ ഇയാള്‍ക്ക് എതിരെ ചുമത്തും. സരസന്‍പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.പി.എം നീക്കി. സരസന്‍ പിള്ളക്ക് എതിരെ വ്യക്തമായ തെളിവ് ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ മുഖ്യ മന്ത്രിക്കും ഡി.ജി.പി ക്കും പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 14ന് രാത്രിയാണ് സരസന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിനെ മര്‍ദ്ദിച്ചത്. രഞ്ജിത്തിന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ജയില്‍ വാര്‍ഡന്‍ വിനീതാണ് കേസിലെ ഒന്നാം പ്രതി

11. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമാന്തര ചര്‍ച്ചകള്‍ അന്വേഷിക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഒന്നിന്റേയും രേഖകള്‍ കാണാന്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്, പുറത്തു വന്ന രേഖകള്‍ സത്യമായതിനാല്‍. ഇത് അന്വേഷിക്കണം. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് എന്തിന്. അഴിമതി നടന്നിട്ടില്ല എങ്കില്‍ എന്തിന് അന്വേഷണത്തെ ഭയക്കണം എന്നും രാഹുലിന്റെ ചോദ്യം

12. നടന്നിരിക്കുന്നത്, കൃത്യമായ അഴിമതി. പ്രധാനമന്ത്രിക്ക് എതിരെ കേസ് എടുക്കാനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. കരാര്‍ മനപൂര്‍വം വൈകിപ്പിച്ചത്, അനില്‍ അംബാനിയ്ക്ക് അനധികൃതമായി പണം നല്‍കാന്‍. പ്രധാനമന്ത്രി കരാറില്‍ ഇടപെടല്‍ നടത്തിയത്, പ്രതിരോധ വകുപ്പിന്റെ എതിര്‍പ്പുകള്‍ എല്ലാം മറികടന്ന്. റഫാല്‍ രേഖകള്‍ കാണാതായതില്‍ മാദ്ധ്യമങ്ങള്‍ക്ക് എതിരെ അന്വേഷണം വേണം എന്ന് പറയുന്ന കേന്ദ്രം എന്തുകൊണ്ട് 30,000 കോടിയുടെ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് പറയുന്നു എന്നും രാഹുല്‍