മെഡിക്കൽ കോളേജ് (കോഴിക്കോട് ): വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്ര് സി.പി. ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നറിയുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെ വൈത്തിരിയിൽ നിന്ന് വൻ പൊലീസ് അകമ്പടിയോടെ കൊണ്ടുവന്ന മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണിപ്പോൾ. പോസ്റ്റുമോർട്ടം ഇന്ന് രാവിലെ നടക്കും.
താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജൻ, കോഴിക്കോട് നോർത്ത് എ.സി.പി എ.വി.പ്രദീപ്, സൗത്ത് എ.സി.പി എ.ജെ. ബാബു, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൾ റസാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. വയനാട്ടിൽ നിന്നുള്ള തണ്ടർബോൾട്ട് സേനാംഗങ്ങളും മെഡിക്കൽ കോളേജ് പൊലീസും മോർച്ചറിക്ക് മുന്നിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ജലീലിന്റെ ബന്ധുക്കൾ ആരും മോർച്ചറിയിൽ എത്തിയിട്ടില്ല.
ഗ്രോ വാസു മോർച്ചറിയിലെത്തി
മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാൻ ധാരണയായിട്ടുണ്ടെന്ന് അറിഞ്ഞതായി മുൻ നക്സൽ പ്രവർത്തകൻ ഗ്രോ വാസു പറഞ്ഞു. സി.പി. ജലീലിന്റെ മൃതദേഹം കാണാൻ എത്തിയതായിരുന്നു അദ്ദേഹം. അമ്മയുടെ അടുത്തേക്ക് പോകുകയാണ് എത്താൻ കഴിഞ്ഞില്ലെങ്കിൽ വാസുവേട്ടൻ ബോഡി ഏറ്റെടുക്കണമെന്ന് തന്നോട് ജലീലിന്റെ സഹോദരൻ റഷീദ് പറഞ്ഞെന്നും അതുകൊണ്ട് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തന്നെ വേണമെന്ന് നിർബന്ധമില്ലെങ്കിൽ താൻ ഏറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏറ്റുമുട്ടൽ വ്യാജമാണെന്ന ആരോപണത്തെക്കുറിച്ച് അറിയില്ല. കുടുംബം അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും എഫ്.ഐ.ആർ അതനുസരിച്ച് തയ്യാറാക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നാണ് അറിഞ്ഞ വിവരമെന്നും ഗ്രോ വാസു പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഹൈക്കോടതി അഡ്വക്കേറ്റ് പി.എസ്.ആർ. പിള്ളയും ഉണ്ടായിരുന്നു.