തഞ്ചാവൂർ: കടം വാങ്ങിച്ച് തിരിച്ചടക്കാൻ പറ്റാത്തതിനെ തുടർന്ന് മകനെ അമ്മ വ്യാപാരിക്ക് പണയം വച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ഗജ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ച ഭർത്താവിന്റെ ശവം അടക്കം ചെയ്യാനാണ് യുവതി വ്യാപാരിയിൽ നിന്നും കടം വാങ്ങിച്ചത്. എന്നാൽ തിരിച്ചടക്കാൻ ഗത്യന്തരമില്ലാതെ മകനെ പണയം വയ്ക്കുകയായിരുന്നു.
മഹിലിംഗ എന്ന വ്യാപാരിയിൽ നിന്നാണ് യുവതി 36,000 രൂപ കടം മേടിച്ചത്. ഗജ ചുഴലിക്കാറ്രിൽ തകർന്ന വീട് പുതുക്കിപ്പണിയാനും ശവസംസ്കാരം നടത്താനുമാണ് പണം ഉപയോഗിച്ചത്. എന്നാൽ കടം തിരിച്ചടക്കാൻ പറ്റാത്തതിനെ തുടർന്ന് പത്ത് വയസുകാരനായ മകനെ കരാർ പണി ചെയ്യുന്നതിനായി പണയം വയ്ക്കുകയായിരുന്നു. പിന്നീട് ചെെൽഡ് ലെെൻ പ്രവർത്തകർ എത്തിയാണ് കുട്ടിയെ മോചിപ്പിച്ചത്.
ഒരു സ്വകാര്യ വ്യക്തിയുടെ ആട് വളർത്തൽ കേന്ദ്രത്തിൽ വളരെ മോശമായ അവസ്ഥയിലാണ് കുട്ടി ജോലി ചെയ്തിരുന്നത്. അഞ്ചാം ക്ലാസിൽ നിന്ന് പഠനം ഉപേക്ഷിച്ച കുട്ടിയെ കൊണ്ട് ഫാമിൽ കൂടുതലായി ജോലി ചെയ്യിപ്പിച്ചിരുന്നു. ഇരുന്നൂറോളം ആടുകളെയാണ് കുട്ടി പരിപാലിച്ച് പോന്നിരുന്നത്. എന്നാൽ രണ്ട് മാസമായി കഴിക്കാൻ രാവിലെ ഒരു പാത്രത്തിൽ കഞ്ഞി മാത്രമാണ് നൽകിയിരുന്നത്.
മുഴുവൻ സമയവും ആടിനെ പരിപാലിക്കേണ്ടതിനാൽ ഫാമിൽ തന്നെയായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. വിശദമായ പരിശോധനയ്ക്കൊടുവിൽ നോൺ പ്രോഫിറ്റ് സംഘടനയാണ് കുട്ടിയെ കണ്ടെടുത്തത്. തുടർന്ന് തഞ്ചാവൂരിലെ ചെെൽഡ് ലെെൻ ഹോമിലേക്ക് കുട്ടിയെ മാറ്റിയതായി നോൺ പ്രോഫിറ്റ് സംഘടനയുടെ മേധാവി പാർഥിമ രാജ് അറിയിച്ചു.