ന്യൂഡൽഹി: നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ജമാത്തുദ്ദവ നേതാവ് ഹാഫിസ് സയീദിന്റെ അപേക്ഷ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി തള്ളി. ഹാഫിസ് സയീദിനെ ചോദ്യം ചെയ്യാൻ യു.എൻ സംഘത്തിന് പാകിസ്ഥാൻ വിസ നിഷേധിച്ചതിന് പിന്നാലെയാണ് മുംബയ് ഭീകരാക്രമണ സൂത്രധാരനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് യു.എൻ അറിയിച്ചത്.

2008-ലെ മുംബയ് ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമാത്തുദ്ദവ സ്ഥാപകനും ലഷ്‌കറെ തയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ യു.എൻ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. 166 പേർ കൊല്ലപ്പെട്ട മുംബ് ഭീകരാക്രമണത്തിനു പിന്നിൽ ഹാഫിസ് സയീദാണെന്ന് ഇന്ത്യ തെളിവ് സഹിതം ബോധിപ്പിച്ചതിനെ തുടർന്നായിരുന്നു യു.എൻ രക്ഷാസമിതിയുടെ നടപടി. എന്നാൽ തന്നെയും തന്റെ സംഘടനകളെയും ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഫിസ് രക്ഷാസമിതിക്ക് അപേക്ഷ നൽകുകയായിരുന്നു.

ഹാഫിസിന്റെ അപേക്ഷ പരിഗണിച്ച യു.എൻ സംഘം ഇയാളെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും യു.എൻ സംഘത്തിന് പാകിസ്ഥാൻ വിസ നിഷോധിക്കുകയായിരുന്നു.

ഹാഫിസ് സയീദുമായി യു.എൻ നേരിട്ട് സംസാരിച്ചാൽ പലരഹസ്യങ്ങളും പുറത്താകുമോ എന്ന പാകിസ്ഥാന്റെ ഭയമാണ് വിസ നിഷേധിക്കാൻ കാരണമായതെന്നാണ് സൂചന. ഭീകരസംഘടനകൾക്ക് പാകിസ്ഥാൻ പിന്തുണ നൽകുന്നതിന്റെ പേരിൽ നിലവിൽ ആഗോള തലത്തിൽ പാകിസ്ഥാൻ സമ്മർദ്ദം നേരിടുകയാണ്.

ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകിയാൽ വ്യക്തിയുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ യു.എൻ മറ്റുനടപടികളിലേക്ക് കടക്കുകയുള്ളൂ.