മെൽബൺ: ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ആസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹമാണ് സിഡ്‌നിയുടെ കിഴക്കൻ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ സ്യൂട്‌കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. പ്രീതിയുടെ മുൻ കാമുകനായ ഇന്ത്യൻ വംശജനായ ദന്ത ഡോക്ടർ ഹർഷ് നർഡെയാണ് കൃത്യത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇയാളെ കാറപകടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രീതി റെഡ്ഡിയെ കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാണാതായത്. ഇതിന് തൊട്ടടുത്ത ദിവസം തന്നെ ഹർഷ് നർഡെയെ കാറപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രീതിയെ കാണാതായതിനെ തുടർന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റർ മാറിയാണു ഡോ. ഹർഷ് നർഡെ മരിച്ചുകിടന്നത്. ടാംവർത്തിൽനിന്നു സിഡ്നിയിലേക്കു 400 കിലോമീറ്റർ യാത്ര ചെയ്തു തുടർപഠനത്തിനെന്ന പേരിൽ ഹർഷ് എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു. എന്നാൽ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പ്രീതി അറിയിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രീതി വീട്ടുകാരുമായി അവസാനമായി ഫോണിൽ സംസാരിച്ചത്. ഉടൻ വീട്ടിലെത്തുമെന്ന് പറഞ്ഞെങ്കിലും കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.