കൽപ്പറ്റ: റിസോർട്ടിൽ എത്തിയവർ 10 പേർക്കുള്ള ഭക്ഷണം ചോദിച്ചതിനൊപ്പം ഒന്നര ലക്ഷം രൂപയും ആവശ്യപ്പെട്ടു.

മലയാളം സംസാരിക്കുന്നയാളും തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന മറ്റൊരാളുമായിരുന്നു ആദ്യം റിസോർട്ടിൽ എത്തിയത്. സാധാരണ വേഷത്തിലായിരുന്നു ഇരുവരും. റിസോർട്ടിന്റെ വനഭാഗത്തോട് ചേർന്നുള്ള റസ്റ്റോറന്റിൽ രാത്രി എട്ട് മണിയോടെ എത്തിയ ഇവർ ആദ്യം 10 പേർക്കുള്ള ഭക്ഷണം ആവശ്യപ്പെട്ടു. പിന്നീടാണ് പണം ചോദിച്ചത്. പണമില്ലെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. ജീവനക്കാർ പതിനായിരം രൂപ സംഘടിപ്പിച്ച് കൊടുത്തതിനെ തുടർന്ന് മാവോയിസ്റ്റുകൾ റിസപ്ഷനിലേക്ക് പോയി. ഈ സമയത്ത് ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒമ്പത് മണിയോടെ തണ്ടർബോൾട്ട് എത്തിയപ്പോൾ അവർക്കു നേരെ മാവോയിസ്റ്റുകൾ വെടിവച്ചതായി പറയുന്നു. തുടർന്നായിരുന്നു ഏറ്റുമുട്ടൽ.

ഒരു മാസം മുൻപ് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചിരുന്നു. ആക്രമണം നടന്ന റിസോർട്ടിന് അടുത്താണ് ഇത്. വൈത്തിരി, അംബ, സുഗന്ധഗിരി മേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം വർദ്ധിച്ച പശ്ചാത്തലത്തിൽ സുഗന്ധഗിരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതേതുടർന്ന് പൊലീസിനെ വെല്ലുവിളിക്കുന്നതിനാണ് റിസോർട്ടിൽ ഇവർ എത്തിയതെന്നും പൊലീസ് പറയുന്നു.

കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജില്ലയിലെ മുഴുവൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കനത്ത പൊലീസ് വലയത്തിലായിരുന്നു ഉപവൻ റിസോർട്ട് പരിസരം.

ഒരു മാസത്തിനിടെ വയനാട്, കോഴിക്കോട് വനാതിർത്തി പ്രദേശങ്ങളിൽ പന്ത്രണ്ടിടത്ത് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയിരുന്നു. ലഘുലേഖ കൈമാറിയും പ്രസംഗിച്ചും ഭക്ഷണസാധനങ്ങൾ ശേഖരിച്ചുമാണ് ഇവർ മടങ്ങിയത്.