കൊല്ലം: ഐ. ടി. ഐ വിദ്യാർത്ഥി മർദ്ദനമേറ്റ് മരിച്ച കേസിൽ സി.പി.എം തേവലക്കര അരിനല്ലൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി മല്ലകത്ത് കിഴക്കതിൽ സരസൻ പിള്ള (51) അറസ്റ്റിൽ.രണ്ടാം പ്രതിയായ ഇയാൾ ഒളിവിലായിരുന്നു.കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിനെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് സരസൻപിള്ളയെ സി. പി. എം നീക്കി.
ചവറ തേലവക്കര അരിനല്ലൂർ ചിറ്റാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണന്റെ മകൻ രഞ്ജിത്ത് (17) ഫെബ്രുവരി 28നാണ് മരിച്ചത്. ഫെബ്രുവരി 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തന്റെ മകളെ രഞ്ജിത്ത് ശല്യം ചെയ്തെന്ന് ആരോപിച്ച് സരസൻപിള്ളയുടെ നേതൃത്വത്തിൽ ഏഴംഗ സംഘം രാത്രി പത്തു മണിയോടെ വീട്ടിലെത്തി രഞ്ജിത്തിനെ മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതിയായ കൊല്ലം ജില്ലാ ജയിലിലെ വാർഡറും സരസൻപിള്ളയുടെ സഹോദര പുത്രനുമായ വീനീത് (30) നേരത്തേ അറസ്റ്റിലായിരുന്നു.
സരസൻപിള്ളയെ പ്രതിയാക്കാൻ മതിയായ തെളിവില്ലെന്നായിരുന്നു പൊലീസ് നിലപാട്. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് രണ്ടാം പ്രതിയാക്കി കേസെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് വീടിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് അറിയിച്ചത്.
സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടില്ല. രഞ്ജിത്തിന്റെ മാതാപിതാക്കൾ തെക്കുംഭാഗം പൊലീസിന് നൽകിയ പരാതി ഒതുക്കി തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു.