suresh-gopi

തിരുവനന്തപുരം: ലോക‌്സഭാ തിരഞ്ഞെടുപ്പിൽ നടനും എം.പിയുമായ സുരേഷ്ഗോപി ബി.ജെ.പിയുടെ സ്ഥാനാർത്ഥിപട്ടികയിൽ ആദ്യമേ തന്നെ ഇടം നേടിയിരുന്നു. തിരുവനന്തപുരം,​ കൊല്ലം മണ്ഡലങ്ങളിലാണ് സുരേഷ്ഗോപിയുടെ പേര് പരിഗണനയിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനൊപ്പം തന്നെ സുരേഷ്ഗോപിയുടെ പേരും പരിഗണിച്ചിരുന്നു.

എന്നാൽ സിനിമയിലഭിനയിക്കുന്നത് കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രങ്ങൾക്ക് ഡേറ്റ് നൽകിയിട്ടുണ്ടെന്നും ഇപ്പോൾ അതിന്റെ തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. നാലുവർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന സുരേഷ്ഗോപി തമിഴരസൻ എന്ന തമിഴ് ചിത്രത്തിന്റെ വിശേഷങ്ങൾ കഴിഞ്ഞദിവസം തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഈ വർഷം മലയാളത്തിലും സുരേഷ്ഗോപി നായകനായ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.

ഇതോടെ തിരുവനന്തപുരത്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മത്സരിക്കാനുള്ള സാദ്ധ്യതയേറി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. നാട്ടുകാരനെന്ന പരിഗണന നൽകിയാണ് കൊല്ലത്ത് സുരേഷ് ഗോപിയുടെ പേര് ബി.ജെ.പി നേതാക്കൾ നിർദേശിച്ചത്