ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ എൻജിൻ രഹിത ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിൽ തീപിടിത്തം. കഴിഞ്ഞദിവസം കാൺപുർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ട്രെയിനിന്റെ ഒരു ബോഗിയിൽ തീപിടിത്തമുണ്ടായത്. സംഭവം ഗുരുതരമല്ലെന്നും ആർക്കും അപകടം ഇല്ലെന്നും റെയിൽവേ വ്യക്തമാക്കി. .
ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച രാത്രി 7.04ന് കാൺപുർ സ്റ്റേഷനിൽ നിറുത്തിയപ്പോൾ സംഭവം സി-7 കോച്ചിന്റെ ട്രാൻസ്ഫോമറിനാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് കോച്ചിൽ ചെറിയ തോതിൽ പുക ഉയരുകയും ചെയ്തു. തുടർന്ന് ജീവനക്കാരെത്തി തീയണയ്ക്കുകയും ട്രാൻസ്‌ഫോമറുമായുള്ള ബന്ധം വേർപെടുത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് 25 മിനിറ്റ് കാൺപുർ സ്റ്റേഷനിൽ നിറുത്തിയിട്ട ട്രെയിൻ പിന്നീട് യാത്ര തുടർന്നു.
പത്തു മിനിറ്റിനു ശേഷം 7.39ന് വീണ്ടും ഇതേ കോച്ചിൽ പുക ഉയർന്നു. തീയണയ്ക്കാൻ ഉപയോഗിച്ച അഗ്നിശമന ഉപകരണത്തിലെ രാസവസ്തുവാണ് രണ്ടാമതും പുക ഉയരാൻ ഇടയാക്കിയതെന്നും പിന്നീട് 7.45ഓടെ ട്രെയിന്‍ യാത്ര തുടർന്നെന്നും റെയിൽവേ വ്യക്തമാക്കി.
പല തവണ ട്രെയിനു നേർക്ക് പലയിടത്തുവെച്ചും കല്ലേറുണ്ടാവുകയും ചില്ലുകൾ തകരുകയും ചെയ്തിരുന്നു.
പൂർണമായും ഇന്ത്യയിൽ നിർമിച്ച ട്രെയിനിൽ രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉൾപ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡൽഹി-വാരണാസി റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനിൽ ഒരേസമയം 1128 യാത്രക്കാർക്ക് സഞ്ചരിക്കാം. ഫെബ്രുവരി 15-നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്ഓഫ് ചെയ്തത്.